ട്രെയിനിലെ ടി.ടി.ആറിന് ഗുരുതര പരിക്ക് അപകടകാരണം അധികൃതരുടെ അനാസ്ഥ  

ഉത്തര്‍പ്രദേശ്: ട്രെയിന്‍ വരുന്നതറിയാതെ തുറന്നിട്ട ലെവല്‍ ക്രോസ് കടന്ന ട്രക്കില്‍ ട്രെയിന്‍ ഇടിച്ച് ലോക്കൊ പൈലറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ പില്‍ഖുവയിലാണ് ദാരുണമായ സംഭവം. അപകടത്തില്‍ ട്രെയിനിലെ ടി.ടി.ആറിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റെയില്‍വേ അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് സൂചന. ട്രെയിന്‍ വരുന്ന അറിയിപ്പ് ലഭിച്ചിട്ടും റെയില്‍വേ ഗേറ്റ് അടയ്ക്കാത്തിനാണ് അപകടം ഉണ്ടായത്. തുറന്നിട്ട ലെവല്‍ ക്രോസിലൂടെ ട്രെക്ക് മറുവശത്തേക്ക് കടക്കുമ്പോഴാണ് അപകടം നടന്നത്. വേഗതയിലെത്തിയ ട്രെയിന്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു. 

ഏറെ നേരത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന ലോക്കൊ പൈലറ്റിനേയും ടിടിആറിനെയും പുറത്തെടുത്തത്. റെയില്‍വേ പൊലീസും പ്രദേശത്ത് എത്തി പരിശോധന നടത്തി. റെയില്‍വേ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.