തലശ്ശേരി: പാളം മുറിച്ചു കടക്കവെ ട്രെയിനിടിച്ച് സഹോദരിമാരും കുഞ്ഞും മരിച്ചു. പെട്ടിപ്പാലം മീത്തലെ പള്ളിക്കടുത്ത് ഞായറാഴ്ച വൈകിട്ട് 5.35ഓടെയായിരുന്നു അപകടം. കൊടുവള്ളി മണക്കായി ദ്വീപില്‍ ബദരിയ മന്‍സിലില്‍ ഭാര്യ നസീമ (50), സഹോദരി പിണറായിയില്‍ താമസിക്കുന്ന സുബൈദ (40), സുബൈദയുടെ പേരക്കുട്ടി ഐഹാന്‍ (ഒന്നര) എന്നിവരാണ് മരിച്ചത്. സുബൈദയും നസീമയും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടി ഇന്ദിരാഗാന്ധി ആശുപത്രിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.

പെട്ടിപ്പാലം മീത്തലെ പള്ളിക്ക് സമീപത്തെ ബന്ധുവീട്ടില്‍ വന്നതായിരുന്നു ഇവര്‍. ഒമ്പത് പേരാണ് വന്നതെങ്കിലും കുറച്ചു പേര്‍ മാത്രമാണ് വീട്ടിലേക്ക് വന്നത്. ഇവിടെ നിന്ന് തിരിച്ചുപോകാന്‍ പാളം മുറിച്ചു കടക്കുന്നതിനിടെ എത്തിയ പരശുറാം എക്‌സ്പ്രസാണ് മൂന്നുപേരെയും ഇടിച്ചിട്ടത്. 
കുട്ടിയുമായി നസീമ പാളം മുറിച്ചു കടക്കുന്നതിനിടയിലായിരുന്നു ട്രെയിന്‍ വന്നത്.

ട്രെയിന്‍ വരുന്നത് കണ്ടതോടെയുണ്ടായ വെപ്രാളത്തില്‍ നസീമ കുട്ടിയുമായി പാളത്തില്‍ വീണതായും കുട്ടിയുമായി എഴുന്നേല്‍ക്കാന്‍ ശ്രമിച്ച ഇവരെ രക്ഷിക്കാനായി സുബൈദ ശ്രമിക്കുന്നതിനിടയിലാണ് ട്രെയില്‍ മൂന്നുപേരെയും ഇടിച്ചിട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. മത്സ്യത്തൊഴിലാളി മഹമൂദിന്റെ ഭാര്യയാണ് മരിച്ച നസീമ. ഷഫീറിന്റെയും ഏക മകനാണ് ഐഹാന്‍. അഫ്‌സിന, അബ്ദുറഹ്മാന്‍, ഉബൈസ്, മുബീന എന്നിവരാണ് നസീമയുടെ മക്കള്‍.

തലശ്ശേരി വടക്കുമ്പാട് കൊട്ടറക്കാട്ടെ ഓട്ടോ ഡ്രൈവര്‍ അഷറഫിന്റ ഭാര്യയാണ് മരിച്ച സുബൈദ. ഇവരുടെ മകള്‍ അഷ്ഫിനയുടെയും ഡഫീലിന്റെയും ഏക മകനാണ് മരിച്ച ഐഹാന്‍. അര്‍ഷാക്ക് (അച്ചക്ക്) മറ്റൊരു മകനാണ്. മുന്നുപേരുടെയും മൃതദ്ദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. സംഭവത്തെ തുടര്‍ന്ന് പരശുറാം എക്‌സ്പ്രസ് അരമണിക്കൂര്‍ പിടിച്ചിട്ടു.