കൊച്ചി: കറുകുറ്റി, കരുനാഗപ്പള്ളി റയില്‍ അപകടങ്ങളെ കുറിച്ച് നാളെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ റയില്‍വെ അധികൃതര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം. പാളത്തില്‍ പലയിടത്തും വിള്ളലുണ്ടായിട്ടും എന്തുകൊണ്ട് അറ്റകുറ്റപ്പണി നടത്തിയില്ലെന്ന് കമ്മീഷൻ അംഗം ജസ്റ്റിസ് സിറിയക് ജോസഫ് ആരാഞ്ഞു. എന്നാല്‍ ആവശ്യമായ നടപടി സ്വീകരിച്ചിരുന്നുവെന്നാണ് റെയില്‍വെയുടെ വിശദീകരണം.

പൊതുഗഗതാഗത സംരക്ഷണസമിതി അധ്യക്ഷൻ ഡിജോ കാപ്പന്റെ പരാതിയിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ കൊച്ചിയില്‍ പ്രത്യേക സിറ്റിംഗ് നടത്തിയത്. തിരുവനന്തപുരം-ഷൊര്‍ണ്ണൂര്‍ പാതയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ പരിശോധനയില്‍ പാളത്തില്‍ 210 വിള്ളലുകള്‍ കണ്ടെത്തിയതായി റയില്‍വെ അധികൃതര്‍ സിറ്റിംഗില്‍ വ്യക്തമാക്കി. പലയിടത്തും അറ്റകുറ്റപണികള്‍ നടത്തിയെന്നും അറിയിച്ചു. എന്നാല്‍ വിള്ളലുകളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയ സീനയര്‍ ഡിവിഷണല്‍ എഞ്ചീനീയറെ അപകടമുണ്ടായ ഉടൻ സസ്പെന്‍ഡ് ചെയ്തതെന്തിനെന്ന് കമ്മീഷൻ അംഗം ജസ്റ്റിസ് സിറിയക് ജോസഫ് ചോദിച്ചു.

താഴെക്കിടയിലെ ജീവക്കാര്‍ക്കാരുടെ തലയില്‍ ഉത്തരവാദിത്വം കെട്ടിവെക്കുകയായിരുന്നോ ലക്ഷ്യം.യഥാസമയം പുതിയ പാളങ്ങളെത്തിക്കാൻ അലംഭാവം കാണിച്ച റയില്‍വെക്ക് അപകടമുണ്ടായ ശേഷം എങ്ങനെ പെട്ടെന്ന് ആവശ്യത്തിലേറെ പാളങ്ങളെത്തിക്കാനായി.പാളം ഗതാഗതയോഗ്യമാണെന്ന റിപ്പോര്‍ട്ടുണ്ടായിട്ടും കറുകുറ്റിക്കു പിറകെ കരുനാഗപ്പള്ളിയിലും എങ്ങനെ അപകടമുണ്ടായെന്നും കമ്മീഷൻ ചോദിച്ചു.ഇക്കാര്യങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് ഉടൻ സമര്‍പ്പിക്കണം.

അറ്റകുറ്റപണികള്‍ നടത്താൻ ജീവനക്കാരുടെയോ ഫണ്ടിൻന്റെയോ കുറവ് റെയില്‍വെക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കേരളത്തിലെ ട്രയിനുകളില്‍ ഏറെ പഴക്കം ചെന്ന ബോഗികള്‍ ഉപയോഗിക്കുന്നതില്‍ ജസ്റ്റിസ് സിറിയക് ജോസഫ് അതൃപ്തി അറിയിച്ചു. സംസ്ഥാനത്തോടുളള ഈ ചിറ്റമ്മനയം റയില്‍വെ ഇനിയെങ്കിലും അവസാനിപ്പിക്കണെന്നും അദ്ദേഹം സിറ്റിംഗില്‍ ചൂണ്ടിക്കാട്ടി.