ടോക്കിയോ : കൃത്യസമയം പാലിക്കുന്നതാണ് ജപ്പാനിലെ റെയില്‍ ഗതാഗതത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ബുള്ളറ്റ് ട്രെയിനുകളും സാധാരണ ട്രെയിനുകളും സമയം ക്രമം പാലിക്കുന്നതില്‍ വീഴ്ച വരുത്താറില്ല. കൃത്യസമയം പാലിക്കുന്നതില്‍ കൃത്യമായി വീഴ്ച വരുത്തുന്ന ഭാരതീയ റെയില്‍വേയെ സംബന്ധിച്ച് 20 സെക്കന്റ് നേരത്തെ ട്രെയിന്‍ പുറപ്പെടുന്നത് വലിയ കാര്യമൊന്നുമല്ല. എന്നാല്‍ ജപ്പാനില്‍ അത് വലിയൊരു കാര്യമാണ്. 

ജപ്പാനിലെ വടക്കന്‍ പ്രദേശങ്ങളിലേക്ക് ടോക്കിയോയില്‍ നിന്നുള്ള ട്രെയിന്‍ 20 സെക്കന്റ് നേരത്തെ പുറപ്പെട്ടതില്‍ യാത്രക്കാര്‍ നേരിട്ട ബുദ്ധിമുട്ടുകളില്‍ മാപ്പ് ചോദിച്ച് ജാപ്പനീസ് റെയില്‍വേ ഉദ്യോഗസ്ഥര്‍. യാത്രക്കാരായ ഒരാളില്‍ നിന്നു പോലും പരാതി ഉയരാതിരുന്നിട്ടും റെയില്‍ വേ തങ്ങള്‍ക്ക് സംഭവിച്ച തെറ്റ് അംഗീകരിച്ച് മാപ്പ് പറഞ്ഞതാണ് വാര്‍ത്തയാവുന്നത്. 

റെയില്‍വേ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ട്രെയിനുകളില്‍ അമിത തിരക്ക് ഒഴിവാക്കുന്നതിനും മിനിട്ടുകളുടെ വ്യത്യാസത്തില്‍ സര്‍വ്വീസ് ലഭ്യമായ പാതയിലാണ് 20 സെക്കന്റ് നേരത്തെ പുറപ്പെട്ടതിന് റെയില്‍വേ മാപ്പ് ചോദിക്കുന്നത്. ഇത്തരം 'ഗുരുതര പിഴവുകള്‍' ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും റെയില്‍ വേ കൂട്ടിച്ചേര്‍ക്കുന്നു. സമയ ക്രമം പാലിക്കുന്നതിലെ ചെറിയ പിഴ പോലും ജപ്പാനിലെ ജനങ്ങളും ഒപ്പം റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടാണ് ഈ ക്ഷമാപണത്തിലൂടെ വെളിയില്‍ വരുന്നത്.