ആര്‍ദ്ധരാത്രിയോളം നീണ്ട ശ്രമകരമായ ദൗത്യത്തിന് ശേഷമാണ് തകര്‍ന്ന 150 മീറ്റര്‍ പാത പുനസ്ഥാപിച്ചത്. പാളം തെറ്റിയ ചരക്ക് തീവണ്ടിയിലെ വാഗണുകള്‍ എഞ്ചിനുപയോഗിച്ച് കെട്ടി വലിച്ച് മാറ്റിയും മണ്ണ് മാന്തി യന്ത്രങ്ങളുപയോഗിച്ച് തള്ളി മറിച്ചുമാണ് ഇവിടെ നിന്നും നീക്കിയത്. വൈദ്യുത ലൈനും പുനസ്ഥാപിച്ചു.

റെയില്‍വേയുടെ എഞ്ചിനീയറിംഗ് മെക്കാനിക്ക് വിഭാഗങ്ങളാണ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പാത ഗതാഗതയോഗ്യമാക്കിയത്. തുടര്‍ന്ന് രണ്ട് തവണ ഡീസല്‍ ട്രെയിൻ ഓടിച്ച് പുതിയ ട്രാക്കിന്‍റെ ക്ഷമത പരിശോധിച്ചു..ഈ മേഖലയില്‍ വരും ദിവസങ്ങളില്‍ മണിക്കൂറില്‍ 15 മുതല്‍ 20 കിലോ മീറ്റര്‍ വേഗത്തിലായിരിക്കും ട്രെയിനുകള്‍ ഓടിക്കുക

എല്ലാ ട്രെയിനുകളും ഈ പാത വഴി ഉടനെ കടത്തിവിടേണ്ട എന്ന തീരുമാനത്തിലാണ് റെയില്‍വേ. പാതയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയായെങ്കിലും ഇന്നലെ മുതല്‍ മണിക്കൂറുകള്‍ വൈകിയോടുന്ന ട്രെയിനുകളുടെ സമയക്രമം സാധാരാണ നിലയിലെത്താൻ ഒരു ദിവസത്തോളമെടുക്കും. ട്രെയിൻ ഗതാഗതത്തിന് ഇന്നും ഭാഗികമായി ചില നിയന്ത്രണങ്ങളുണ്ടാകുമെന്ന് റെയില്‍വേ അറിയിച്ചു

കരുനാഗപ്പള്ളി അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ട്രെയിനുകളുടെ സമയക്രമത്തിൽ ഇന്നും മാറ്റമുണ്ട്. തിരുവനന്തപുരത്ത് നിന്ന് രാവിലെ പുറപ്പെടേണ്ട വേണാട് എക്സ്പ്രസും ജനശതാബ്ദി എക്സ്പ്രസും വൈകിയേ പുറപ്പെടു. പരശുറാം,ഏറനാട് എക്സ്പ്രസുകൾ എറണാകുളത്ത് നിന്നാകും പുറപ്പെടുക.