Asianet News MalayalamAsianet News Malayalam

ആ ബിജെപി നേതാവിനെ ജയിലിൽ അടച്ചത് അയ്യപ്പനാണ് സർ; പ്രളയവും ശബരിമല അക്രമവും പറഞ്ഞ് മുകേഷ് നിയമസഭയിൽ

സുപ്രീം കോടതി വിധി നടപ്പാക്കി എന്നതുകൊണ്ടാണല്ലോ സർക്കാരിനെതിരെ പ്രക്ഷോഭം ഉണ്ടായത്. വിധി നടപ്പിലാക്കിയിരുന്നവെങ്കിലോ? അപ്പോഴും ഉണ്ടാകുമായിരുന്നു പ്രക്ഷോഭം. സുപ്രീം കോടതി വിധി ധിക്കരിച്ച സർക്കാർ രാജി വയ്ക്കുക എന്നതാകുമായിരുന്നു മുദ്രാവാക്യം. മുകേഷിന്‍റെ നിയമസഭാ പ്രസംഗത്തിന്‍റെ പ്രസക്ത ഭാഗങ്ങൾ.

transcript of Mukesh MLA's speech in KLA, criticizing sangh parivar and BJP
Author
Thiruvananthapuram, First Published Feb 7, 2019, 4:47 PM IST

യ്യപ്പ കർമ്മ സമിതി നേതാവിനെ കാട്ടുപന്നി കുത്താനോടിച്ചതും കെ സുരേന്ദ്രൻ ജയിലിൽ കിടന്നതും ശോഭാ സുരേന്ദ്രൻ കോടതിയിൽ പിഴയടച്ചതും ശ്രീധരൻ പിള്ളയ്ക്ക് നാക്കുളുക്കുന്നതും അയ്യപ്പകോപം കൊണ്ടാണെന്ന് ആയിരുന്നു നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ മുകേഷ് എംഎൽഎയുടെ പരിഹാസം. മുകേഷിന്‍റെ പ്രസംഗത്തിന്‍റെ പ്രസക്തഭാഗങ്ങൾ.

സർ,
ബഹുമാനപ്പെട്ട ധനകാര്യമന്ത്രി അവതരിപ്പിച്ച വോട്ട് ഓൺ അക്കൗണ്ടിൻമേലുള്ള പ്രമേയത്തെ ഞാൻ പൂർണ്ണമായും പിന്തുണയ്ക്കുകയാണ്. ഒരേ സമയം അഭിമാനകരമായും അപമാനകരമായും വിലയിരുത്തപ്പെട്ട രണ്ട് സംഭവങ്ങൾ ഓർത്തുകൊണ്ടാണ് ഞാൻ ഇവിടെ നിൽക്കുന്നത്.

സ്ത്രീമുന്നേറ്റത്തിന്‍റെ സമാനതകളില്ലാത്ത പ്രഖ്യാപനമായിത്തീർന്ന വനിതാമതിലിന്‍റെ  അഭിമാനശബ്ദം ഒരു വശത്ത്. വിശ്വാസികൾക്ക് പരിപാവനമായ ശബരിമലയെ കലാപഭൂമിയാക്കാൻ ശ്രമിച്ചവർ പൊതുസമൂഹത്തെ ഭയന്ന് തിരികെയോടിയ അപമാനദൃശ്യം മറ്റൊരിടത്ത്. (ഭരണബഞ്ചുകളിലെ സാമാജികർ മേശയിൽ അടിക്കുന്നു.) ഈ പിന്തിരിഞ്ഞോട്ടം വിനാശകരമായ ഒരു സന്ദേശമാണ് സർ. ആപത്കരമായ മുന്നറിയിപ്പാണ്. ഇത്തരം പ്രവണതകളെ പ്രതിരോധിക്കാനാണ് അമ്പത് ലക്ഷം സ്ത്രീകൾ ഒന്നായി ചേർന്ന് പ്രതിരോധമതിൽ ഉയർത്തിയത്. മതാന്ധകാരത്തിനെതിരെ പടുത്ത പ്രതിരോധക്കോട്ടയായി അത് ചരിത്രത്തിൽ ഇടം നേടി.

സർ, ഒരു നൂറ്റാണ്ടിനിടയിൽ കേരളത്തെ പിടിച്ചുലച്ച മഹാപ്രളയത്തിന് ശേഷം ഈ നാട്ടിൽ സ്വാഭാവികമായി രൂപപ്പെട്ട ഒരു മാനവികതയുണ്ട്. 'പ്രളയാനന്തര മാനവികത' എന്ന സാമൂഹ്യചിന്തകർ ഇതിനെ വിലയിരുത്തുന്നു. പൊഫ. ബി രാജീവൻ ഈ മാനവികതയെപ്പറ്റി 'പ്രളയാനന്തര മാനവികത ശബരിമലയുടെ പശ്ചാത്തലത്തിൽ' എന്നൊരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജാതി, മത, ആൺ, പെൺ ഭേദമില്ലാതെ, പ്രായഭേദമില്ലാതെ മലയാളി ദുരന്തമുഖത്ത് ഒന്നായപ്പോൾ രൂപപ്പെട്ടതാണ് പുതിയൊരു തരം മാനവികത. പ്രത്യാശാപൂർണ്ണമായ നൻമയുടെ പ്രകാശമാണത്. 

സർ, വെള്ളമിറങ്ങിയപ്പോൾ ഇപ്പോൾ നാം കാണുന്നത് കടുത്ത വരൾച്ചയാണ്. പ്രളയം വറ്റിയപ്പോൾ നൻമയും വറ്റിയതുപോലെ. സ്ത്രീ അടുക്കളയിൽ ഒടുങ്ങേണ്ടവളാണ് എന്ന മട്ടിൽ പ്രചാരണം നടത്തുന്നു. സ്ത്രീ മുന്നേറ്റത്തിനെതിരെ സ്ത്രീകളെത്തന്നെ തെരുവിലിറക്കി മുദ്രാവാക്യം വിളിപ്പിക്കുന്നു. ഇതാണ് 'സംഘപരിവാ‍ർ മാനവികത'. ഫാസിസത്തിന്‍റെ ഈ പുതിയ കേരളാ മോഡൽ ശബരിമലയിലാണ് സംഘപരിവാർ ശക്തികൾ പരീക്ഷിച്ചത്. വാജ്പേയിയുടെ കാലത്ത് പൊക്രാനിൽ ആണവ വിസ്ഫോടനം നടത്തിയതുപോലെ മോദിയുടെ കാലത്ത് ഫാസിസത്തിന്‍റെ ആണവസ്ഫോടനം നടത്താൻ ശ്രമം നടന്നു.

എന്നാൽ വിഷ ബോംബുകൾ പൊട്ടാതെ ചീറ്റിപ്പോയി. ഫാസിസം ജനങ്ങളെ അവരറിയാതെ തന്നെ പിടികൂടുന്ന ഒരു രാഷ്ട്രീയ പകർച്ചവ്യാധിയാണ്. ഈ രോഗം ജനങ്ങളെ സ്വന്തം അടിമത്തത്തിൽ ആഹ്ളാദിക്കുന്നരാക്കി മാറ്റുന്നു. അടിമത്തമാണ് വിമോചനം എന്ന നില സൃഷ്ടിക്കുന്നു. ഇതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്ത്രീ സമത്വത്തിനും സ്ത്രീ വിമോചനത്തിനും എതിരായി സ്ത്രീകൾ തന്നെ തെരുവിലിറങ്ങിയ കാഴ്ച

സർ, അടുത്തിടെ ഞാൻ കൊല്ലത്തൊരു ക്ഷേത്രത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ചടങ്ങിന് ശേഷം സ്വകാര്യ സംഭാഷണത്തിനിടെ രാഷ്ട്രീയം ചർച്ചയായി.സംഘാടകരിൽ ഒരാൾക്ക് സംശയം, 'അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും ഒരു സീറ്റ് ഇടതുപക്ഷത്തിന് കിട്ടുമോ' എന്ന്.

ഈ ചോദ്യത്തിൽ ഒരു തെറ്റിദ്ധാരണ അടങ്ങിയിട്ടുണ്ട്. ശബരിമലയിൽ പോകുന്നവർ മുഴുവൻ ബിജെപിയും ആർഎസ്എസുമാണെന്നാണ് ആ തെറ്റിദ്ധാരണ. ഇത്തരം തെറ്റിദ്ധാരണകൾ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങുമ്പോൾ തന്നെ മാറിക്കോളും എന്നെനിക്കുറപ്പുണ്ട്. (ഭരണ ബഞ്ചുകളിൽ നിന്ന് കയ്യടി). അവരോട് ഞാൻ പറഞ്ഞു, 'ശബരിമലയിൽ പോകുന്ന എല്ലാവരും ബിജെപിയല്ല, അതിന് ഏറ്റവും വലിയ ഉദാഹരണം ഞാൻ തന്നെയാണ്.'

വീണ്ടും സംഘാടകന്‍റെ ചോദ്യം, ഞാൻ അയ്യപ്പഭക്തനാണോ എന്ന്. 'അതേ' എന്ന് മറുപടി കൊടുത്തു. മുമ്പ് പല കൊല്ലവും ഞാൻ മല ചവിട്ടിയ കാര്യവും ഓർമ്മിപ്പിച്ചു. അപ്പോൾ അടുത്ത ചോദ്യം 'അയ്യപ്പന്‍റെ ശക്തിയിൽ വിശ്വാസമുണ്ടോ' എന്ന്. വിശ്വാസമുണ്ടെന്ന് ‌ഞാൻ തറപ്പിച്ചു പറഞ്ഞു. അതിന് കാരണമുണ്ടെന്നും പറഞ്ഞു.

ശബരിമലയിൽ ദുരുദ്ദേശ്യത്തോടുകൂടി തമ്പടിച്ച ശബരിമല കർമ്മസമിതി നേതാവിനെ കാട്ടുപന്നി കുത്താനോടിച്ചത് അയ്യപ്പന്‍റെ ശക്തി കൊണ്ടല്ലേ?  (ഭരണ ബഞ്ചുകളിലെ സാമാജികർ ഡ‍സ്കിൽ അടിക്കുന്നു...) ശബരിമല വിഷയത്തിൽ രാവിലെയും രാത്രിയും നിലപാട് മാറ്റിമാറ്റി പറയേണ്ട ഗതികേട് ബിജെപി അധ്യക്ഷനുണ്ടായത് അയ്യപ്പകോപം കൊണ്ടല്ലേ? പ്രഗത്ഭ വക്കീലിനും അയ്യപ്പകോപത്താൽ നാക്കുളുക്കി. ബിജെപിയുടെ ഒരു പ്രധാന നേതാവിന് പതിനാല് ദിവസം ജയിലിൽ കിടക്കേണ്ടിവന്നതും അയ്യപ്പകോപം കൊണ്ടല്ലേ? (കയ്യടി..) 

അയ്യപ്പൻ അദ്ദേഹത്തെ ജയിലിൽ അടച്ചതാണ് സർ. കാരണം നിങ്ങൾ ചെയ്യുന്നത് തെറ്റാണെന്നുള്ള ചോദ്യം അയ്യപ്പൻ വിട്ടതാണ് സർ. മറ്റൊരു വനിതാ നേതാവിനെക്കൊണ്ട് അയ്യപ്പൻ 25,000 രൂപ കോടതിയിൽ പിഴയടപ്പിച്ചു. (ഭരണ ബഞ്ചുകളിലെ സാമാജികർ ഡ‍സ്കിൽ അടിക്കുന്നു...) ഇതൊക്കെ അയ്യപ്പന്‍റെ ശക്തി തന്നെയാണ് സർ. എന്‍റെ പെർസ്പെക്ടീവിലുള്ള (വീക്ഷണത്തിലുള്ള) അയ്യപ്പന്‍റെ ശക്തി ഇതാണ്. സർ, ഒരു വലിയ നിശബ്ദത അവിടെ വന്നു. സഭ പിരിച്ചുവിട്ടു. 

സർ,ഒരു സംശയം, സുപ്രീം കോടതി വിധി നടപ്പാക്കി എന്നതുകൊണ്ടാണല്ലോ സർക്കാരിനെതിരെ പ്രക്ഷോഭം ഉണ്ടായത്. വിധി നടപ്പിലാക്കിയിരുന്നവെങ്കിലോ? അപ്പോഴും ഉണ്ടാകുമായിരുന്നു പ്രക്ഷോഭം. സുപ്രീം കോടതി വിധി ധിക്കരിച്ച സർക്കാർ രാജി വയ്ക്കുക എന്നതാകുമായിരുന്നു മുദ്രാവാക്യം. സർ, കേരളത്തെ ജാതിഭ്രാന്തിലേക്ക് വലിച്ചിഴച്ച ഈ കോലാഹലം എന്തിനുവേണ്ടിയായിരുന്നു?

Follow Us:
Download App:
  • android
  • ios