കോട്ടയം: വാഹനാപകടത്തെ ചൊല്ലി കെ എസ് ആര്‍ ടി സിയിലെ ഇടതു യൂണിയൻ നേതാക്കളുമായി കാഞ്ഞിരപ്പള്ളി എസ് എ ഉടക്കി. പിന്നാലെ എസ്.ഐയെ കാഞ്ഞിരപ്പള്ളിയിൽ നിന്ന് കണ്‍ട്രോള്‍ റൂമിലേയ്ക്ക് മാറ്റി .
കൊല്ലം തേനി ദേശീയ പാതയിൽ കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് എടുത്ത നടപടികളാണ് കാഞ്ഞിരപ്പള്ളി എസ്.ഐ ഷിന്‍റോ പി കുര്യന്‍റെ സ്ഥലം മാറ്റത്തിൽ കലാശിച്ചത്. കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ അമിതവേഗമാണ് അപകടകാരണമെന്ന് പരാതിയെ തുടര്‍ന്ന് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാൻ നീക്കം തുടങ്ങിയ പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു.
ഇടതു സംഘടനാ അംഗമായ ഡ്രൈവര്‍ക്ക് വേണ്ടി നേതാക്കള്‍ എസ് ഐയെ സമീപിച്ചു. എന്നാൽ എസ്.ഐ വഴങ്ങിയില്ല. ഇതോടെ യൂണിയന്‍ നേതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി .എസ്.ഐ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. പിന്നാലെ ഷിന്റോ പി കുര്യനെ കാഞ്ഞിരപ്പള്ളിയിൽ നിന്ന് കണ്‍ട്രോള്‍ റൂമിലേയ്ക്ക് മാറ്റി .
