തിരുവനന്തപുരം:സാലറി ചലഞ്ച് നിഷേധിച്ച ഉദ്യോഗസ്ഥന്‍റെ സ്ഥലം മാറ്റം റദ്ദാക്കി. ഭരണപക്ഷ അനുകൂല സര്‍വ്വീസ് സംഘടനയുടെ നേതാവും, ധനവകുപ്പ് സെഷന്‍സ് ഓഫീസറുമായ അനില്‍ രാജിന്‍റെ സ്ഥലമാറ്റമാണ് റദ്ദാക്കിയത്. 

വാട്സാപ്പിലൂടെ സാലറി ചലഞ്ച് നിഷേധിച്ചുള്ല അനില്‍രാജിന്‍റെ സന്ദേശം വലിയ വിവാദമായിരുന്നു. ഇതോടെയാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചും സാലഖി ചലഞ്ചിനെ സ്വീകരിച്ചും അനുരാജ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് അച്ചടക്ക നടപടി റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവ് വന്നത്. 

മുഖ്യമന്ത്രിയുടെ ഓഫീസും ധനമന്ത്രിയുടെ ഓഫീസും ഇടപെട്ടാണ് സെക്രട്ടറി തലത്തില്‍ സ്വീകരിച്ച ഈ അച്ചടക്ക നടപടി റദ്ദാക്കിയത്. വിഷയം പ്രതിപക്ഷ സംഘടനകള്‍ ഏറ്റെടുത്ത് ചര്‍ച്ചയാക്കാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പെട്ടെന്നുള്ള നടപടി എടുത്തതെന്നാണ് സൂചന. 

സെക്രട്ടേറിയറ്റിൽ ഇടത് അനുകൂല സർവീസ് സംഘടനയുടെ സജീവ പ്രവർത്തന്‍ കൂടിയാണ അനിൽ രാജ്.ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലേക്കാണ് കെഎസ് അനില്‍ രാജിനെ സ്ഥലം മാറ്റി ഉത്തരവ് വന്നത്. സാമ്പത്തിക പരാധീനതമൂലം ഭാര്യ ചലഞ്ചിനോട് യെസ് പറയുകയും താന്‍ നോ പറയുകയുമാണെന്ന് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ അനില്‍ രാജ് മെസേജ് ഇട്ടിരുന്നു. ഇതു പുറത്തായതോടെയാണ് ഇയാള്‍ക്കെതിരെ നടപടി വന്നത്. ശമ്പളം നല്‍കുന്നില്ലെങ്കിലും സാലറി ചലഞ്ചിനെ അനുകൂലിക്കുന്നുവെന്ന അനില്‍രാജിന്റെ നിലപാടില്‍ ധനവകുപ്പ് നേരത്തെ തള്ളിയിരുന്നു.