ട്രാന്‍സ്ജെന്‍ഡറിന്‍റെ കസ്റ്റഡി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നഗ്നയായി നിന്ന് ബഹളമുണ്ടാക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത് മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന പരാതിയിലാണ് സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത് സംഭവത്തില്‍ വനിതാ എഎസ്ഐയെ സസ്പെന്‍റ് ചെയ്തു

ആലപ്പുഴ: സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്ത ട്രാന്‍സ്ജെന്‍ഡറിന്‍റെ നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഇതേതുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ വനിതാ ഹെല്‍പ് ലൈന്‍ എഎസ്ഐ ആര്‍ ശ്രീലതയെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തു.

പൊതുസ്ഥലത്ത് മദ്യപിച്ച് ശല്യമുണ്ടാക്കിയെന്ന പരാതിയില്‍ മൂന്ന് ദിവസം മുമ്പാണ് ട്രാന്‍സ്ജെന്‍ഡറിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. മദ്യലഹരിയിലായിരുന്ന ട്രാന്‍സ്ജെന്‍ഡര്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയെന്ന് പോലീസ് പറയുന്നു. പോലീസ് സ്റ്റേഷനില്‍ വെച്ച് ബഹളം വെച്ച ട്രാന്‍സ്ജെന്‍ഡറിന്‍റെ ദൃശ്യങ്ങള്‍ ആലപ്പുഴ വനിതാ ഹെല്‍പ്പ് ലൈന്‍ എഎസ്ഐ ആര്‍ ശ്രീലത തന്‍റെ മൊബൈലില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.

സംഭവം വിവാദമായതോടെ സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി. ആര്‍ ശ്രീലതയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും കണ്ടെത്തി. ഇതേ തുടര്‍ന്നാണ് ഇവരെ സസ്പെന്‍റ് ചെയ്തത്. എങ്ങനെയാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ എത്തിയതെന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. പോലീസ് സ്റ്റേഷനില്‍ വലിയ ബഹളമുണ്ടാക്കുന്ന ആളുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി വെക്കാറുണ്ടെന്നും എന്നാല്‍ അത് പോലീസ് സൂക്ഷിച്ച് വെക്കാറുണ്ടെന്നുമാണ് ആലപ്പുഴ എസ്പി പറയുന്നത്. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ശ്രീലതയാണെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷനെന്നും ആലപ്പുഴ എസ്പി എസ് സുരേന്ദ്രന്‍ പറഞ്ഞു.