തൃശൂര്‍: തൃശൂരില്‍ അര്‍ദ്ധരാത്രി ഭിന്നലിംഗക്കാര്‍ക്ക് നേരെ പോലീസിന്റെ അതിക്രമം. പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ മൂന്ന് ഭിന്നലിംഗക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായും പരാതിയുണ്ട്.
അര്‍ദ്ധരാത്രി ദീര്‍ഘദൂര യാത്രക്കുശേഷം തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിലെത്തിയതായിരുന്നു രാഗ രഞ്ജനിയും അലീനയും ദീപ്തിയും. ഇവരെ കണ്ടതും ജീപ്പിലെത്തിയ പൊലീസ് കാരണം കൂടാതെ ലാത്തി കൊണ്ട് മര്‍ദ്ദിച്ചെന്നാണ് പരാതി. ഒരു നിമിഷം പോലും ഇവിടെ കണ്ടുപോകരുതെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം.
ആശുപത്രിയിലെത്തിയ ഇവര്‍ക്ക് ആദ്യം ചികിത്സ നിഷേധിച്ചെന്നും പരാതിയുണ്ട്. വിവരമറിഞ്ഞ് ഭിന്നലിംഗക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ശീതള്‍ ശ്യാമടക്കമുള്ളവരെത്തിയതിന് ശേഷമാണ് ഇവര്‍ക്ക് ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായത്. ഡിജിപിക്കും പോലീസ് കംപ്ലൈന്റ് അതോറിറ്റിക്കും പരാതി നല്‍കാനാണ് ഇവരുടെ തീരുമാനം. സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് തൃശൂര്‍ ഈസ്റ്റ് പോലീസിന്റെ വിശദീകരണം.
