താൽക്കാലിക ജീവനക്കാരുടെ വിദ്യാഭാസ രേഖകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയതായും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ നിന്ന് പിരിച്ചു വിട്ട താൽക്കാലിക കണ്ടക്ടർമാരിൽ യോഗ്യതയുള്ളവർക്ക് നിയമാനുസൃതമായി നിയമനം നൽകുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. താൽക്കാലിക ജീവനക്കാരുടെ വിദ്യാഭാസ രേഖകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയതായും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതിനായി ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കെ എസ് ആർ ടി സി എം ഡി എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കും. 27 ന് കമ്മിറ്റി ആദ്യ യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കെഎസ്ആര്‍ടിസിയില്‍ താത്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടിട്ട് ഒരാഴ്ച പിന്നിടുമ്പോള്‍ ജോലി നഷ്ടപ്പെട്ട കണ്ടക്ടര്‍മാരുടെ ലോങ്ങ് മാര്‍ച്ച് ഇന്ന് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നില്‍ സമാപിച്ചിരുന്നു. പി എസ് സി ലിസ്റ്റില്‍ നിന്ന് നിയമനം ലഭിച്ച കണ്ടക്ടര്‍മാരില്‍ 1248 പേര്‍ ഇതിനകം അതാത് ഡിപ്പോകളില്‍ പരിശീലനത്തിനു എത്തിയിട്ടുണ്ട്. ഇവരെ എത്രയും പെട്ടെന്ന് ബസ്സുകളില്‍ നിയോഗിക്കുന്നതോടെ പ്രതിസന്ധിക്ക് അയവുണ്ടാകുമെന്നാണ് കെ എസ് ആര്‍ ടി സിയുടെ പ്രതീക്ഷ.

പ്രതിസന്ധികള്‍ക്കിടയിലും കഴിഞ്ഞ ദിവസവും കെ എസ് ആർ ടി സിയുടെ വരുമാനം ഏഴ് കോടി കടന്നു. കഴിഞ്ഞ ശനിയാഴ്ചയെ അപേക്ഷിച്ച് ഒരു കോടിയോളം രൂപയുടെ വര്‍ധനയാണിത്. അവധിക്കാല തിരക്കും സര്‍വ്വീസുകളുടെ പുനക്രമീകരണവും ഗുണം ചെയ്തെന്നാണ് കെ എസ് ആർ ടി സിയുടെ വിലയിരുത്തല്‍.

അതേസമയം, ഹൈക്കോടതി ഉത്തരവ് തങ്ങള്‍ക്കും ബാധകമാകുമോയെന്ന ആശങ്കയിലാണ് താത്കാലിക ഡ്രൈവര്‍മാര്‍. പി എസ് സി വഴി അല്ലാതെയുള്ള നിയമനം ഭരണഘടനാവിരുദ്ധമാണെന്നാണ് ഹൈക്കോടതി ഉത്തരവ്. വര്‍ഷങ്ങളായി താത്കാലിക ഡ്രൈവര്‍മാരായി തുടരുന്ന രണ്ടായിരത്തോളം പേര്‍ കെഎസ്ആര്‍ടിസിയിലുണ്ട്. താത്കാലിക ജീവനക്കാരുടെ നിയമന സാധ്യത പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.