റിയാദ്: സൗദിയില്‍ ഗതാഗത മേഖലയിലെ സ്വദേശീവല്‍ക്കരണം കുറയ്ക്കണമെന്ന് ആവശ്യം. ഈ മേഖലയില്‍ ജോലി ചെയ്യാന്‍ സൗദികള്‍ തയ്യാറാകുന്നില്ലെന്ന് സൗദി കൗണ്‍സില്‍ ഓഫ് ചേമ്പേഴ്സ് ചൂണ്ടിക്കാട്ടി. ഗതാഗത മേഖലയില്‍ പതിനഞ്ച് മുതല്‍ ഇരുപത് ശതമാനം വരെ സ്വദേശീവല്‍ക്കരണം വേണമെന്നാണ് നിലവിലുള്ള ചട്ടം. 

ഈ ചട്ടം അപ്രായോഗികമാണെന്നും ഈ മേഖലയിലെ സ്വദേശീവല്‍ക്കരണം അഞ്ച് ശതമാനമായി കുറയ്ക്കണമെന്നും കൗണ്‍സില്‍ ഓഫ് സൗദി ചെമ്പേഴ്‌സിലെ ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി ആവശ്യപ്പെട്ടു. തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയം ഇടപെട്ട് ഈ പ്രശ്‌നം പരിഹരിക്കണമെന്നു കമ്മിറ്റി ചെയര്‍മാന്‍ ആവശ്യപ്പെട്ടു. 

ഗതാഗതമേഖലയില്‍ ജോലി ചെയ്യാന്‍ പല സ്വദേശികളും തയ്യാറാകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗ്യരായ സൗദി ഡ്രൈവര്‍മാര്‍ക്ക് ആകര്‍ഷകമായ ശമ്പളം നല്‍കാന്‍ പല കമ്പനികളും തയ്യാറാണ്. പക്ഷെ ഈ ജോലിയുടെ പ്രകൃതം തങ്ങള്‍ക്ക് അനുകൂലമല്ലെന്നാണ് കൂടുതല്‍ സൗദികളുടെയും നിലപാട്. 

സ്വദേശീവല്‍ക്കരണത്തിന്റെ തോത് കുറച്ചില്ലെങ്കില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പല കമ്പനികള്‍ക്കും മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മതിയായ സ്വദേശികളെ ജോലിക്ക് വെക്കാത്തത് കാരണം പല സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ജവാസാത്ത് സേവനങ്ങള്‍ ലഭിക്കുന്നില്ല. അതേസമയം വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയ സൗദി മോണിറ്ററി ഏജന്‍സിയെ ബന്തര്‍ അല്‍ ജാബിരി കുറ്റപ്പെടുത്തി.