കോഴിക്കോട്: കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാര്‍ ഇന്ന് നടത്തുന്ന സമരം അനാവശ്യമന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു‍. പെന്‍ഷന്‍ വിതരണം ആരംഭിച്ചെന്നും ജീവനക്കാരുടെ ശമ്പളം ഏഴാം തീയതി നല്‍കുമെന്നും ആദ്ദേഹം കോഴിക്കോട് പറഞ്ഞു. സര്‍വീസുകള്‍ തടസ്സപ്പെടുത്തിയ സമരക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂല സംഘടനകളും സി.പി.ഐ സംഘടനയുമാണ് ഇന്നലെ അര്‍ദ്ധ രാത്രി മുതല്‍ 24 മണിക്കൂര്‍ നേരത്തേക്ക് പണിമുടക്കുന്നത്. മുഴുവന്‍ ശമ്പളവും പെന്‍ഷനും ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമരം. ശമ്പളം ഭാഗികമായി ഉടന്‍ നല്‍കാമെന്ന് ഗതാഗത മന്ത്രി ചര്‍ച്ചയില്‍ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഉറപ്പ് തള്ളിയ യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിക്കുകയായിരുന്നു.