പാലക്കാട്: ട്രോമാ കെയര്‍ സംവിധാനം ഒരുക്കാന്‍ സംസ്ഥാനത്തെ പല ആശുപത്രികളിലേക്കും നല്‍കിയ തുകയില്‍ വന്‍ വെട്ടിപ്പ് നടന്നതായി കണക്കുകള്‍. പാലക്കാട്ടെ ജില്ലാ ആശുപത്രിയിൽ ട്രോമ കെയറിനായി നല്‍കിയ ഒന്നരക്കോടിയിൽ പകുതിയിലേറെ തുകക്ക് കണക്കുകളില്ല.
ഏഴു വർഷം മുമ്പ് ഉദ്ഘാടനം നിർവഹിച്ചെങ്കിലും പ്രവർത്തിക്കുന്നില്ലെന്നാണ് പാലക്കാട്ടെ ജില്ലാ ആശുപത്രിയിലെ ട്രോമ കെയർ യൂണിറ്റിനെകുറിച്ച് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടി. ഈ യൂണിറ്റിനായി കേന്ദ്ര സർക്കാർ അനുവദിച്ചത് ഒന്നരക്കോടി രൂപ. ഇതിന്‍റെ വിശദാംശങ്ങളെക്കുറിച്ചുള്ള മറുപടിയിലാണ് ഗുരുതരമായ പൊരുത്തക്കേടുകൾ ഉള്ളത്. ട്രോമ കെയറിന്‍റെ ഭാഗമായി ഉപകരണങ്ങൾക്കും ഫർണിച്ചറുകൾക്കും 66 ലക്ഷം ചെലവാക്കിയെന്ന് ഒരിടത്ത് വ്യക്തമാക്കുമ്പോൾ, വിശദമായി കണക്ക് ആവശ്യപ്പെട്ടപ്പോൾ നൽകിയത് രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ ചെലവായെന്ന കണക്ക്. നിർമാണ പ്രവൃത്തികൾക്കായി ചെലവാക്കിയെന്ന് പറയുന്ന കണക്കുകൾ തമ്മിൽ പതിനാലര ലക്ഷം രൂപയുടെ വ്യത്യാസം.. അതായത് ചെലവാക്കിയ ഒന്നരക്കോടിയിൽ 78 ലക്ഷം രൂപക്ക് കണക്കില്ല..
ജില്ലാ ആശുപത്രി ആർ എം ഒ വ്യത്യസ്ഥ തിയ്യതികളിൽ നൽകിയ മറുപടിയിലാണ് വ്യത്യാസങ്ങളുള്ളത്. . അതേ സമയം വ്യത്യാസത്തെ കുറിച്ച് പഠിച്ച ശേഷമേ പ്രതികരിക്കാനാകൂ എന്ന് സൂപ്രണ്ട് അറിയിച്ചു.. രോഗികളുടെ ജീവൻ അടിയന്തിരമായി രക്ഷിക്കേണ്ട് പ്രവത്തികളിൽ പോലും ലാഘവം കാണിക്കുന്നെന്ന് മാത്രമല്ല, ഇതിന് ചെലവാക്കിയ ലക്ഷങ്ങളുടെ കണക്കക്ക് കൂടി വ്യക്തമല്ലാത്ത സാഹചര്യത്തിൽ സമരങ്ങൾക്കൊരുങ്ങുകയാണ് യുവജന സംഘടനകൾ.
