പാലക്കാട്: ട്രോമാ കെയര്‍ സംവിധാനം ഒരുക്കാന്‍ സംസ്ഥാനത്തെ പല ആശുപത്രികളിലേക്കും നല്‍കിയ തുകയില്‍ വന്‍ വെട്ടിപ്പ് നടന്നതായി കണക്കുകള്‍. പാലക്കാട്ടെ ജില്ലാ ആശുപത്രിയില്‍ ട്രോമ കെയറിനായി നല്‍കിയ ഒന്നരക്കോടിയില്‍ പകുതിയിലേറെ തുകക്ക് കണക്കുകളില്ല. ഏഴു വര്‍ഷം മുന്‍പ് ഉദ്ഘാടനം നിര്‍വഹിച്ചെങ്കിലും, പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പാലക്കാട്ടെ ജില്ലാ ആശുപത്രിയിലെ ട്രോമ കെയര്‍ യൂണിറ്റിനെകുറിച്ച് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടി. 

ഈ യൂണിറ്റിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത് ഒന്നരക്കോടി രൂപ. ഇതിന്റെ വിശദാംശങ്ങളെ കുറിച്ചുള്ള മറുപടിയിലാണ് ഗുരുതരമായ പൊരുത്തക്കേടുകള്‍ ഉള്ളത്. ട്രോമ കെയറിന്റെ ഭാഗമായി ഉപകരണങ്ങള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കും 66 ലക്ഷം ചെലവാക്കിയെന്ന് ഒരിടത്ത് വ്യക്തമാക്കുമ്പോള്‍, വിശദമായി കണക്ക് ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയത് രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ ചെലവായെന്ന കണക്ക്.

നിര്‍മാണ പ്രവൃത്തികള്‍ക്കായി ചെലവാക്കിയെന്ന് പറയുന്ന കണക്കുകള്‍ തമ്മില്‍ പതിനാലര ലക്ഷം രൂപയുടെ വ്യത്യാസം. അതായത് ചെലവാക്കിയ ഒന്നരക്കോടിയില്‍ 78 ലക്ഷം രൂപക്ക് കണക്കില്ല. ജില്ലാ ആശുപത്രി ആര്‍ എം ഒ വ്യത്യസ്ഥ തിയ്യതികളില്‍ നല്‍കിയ മറുപടിയിലാണ് വ്യത്യാസങ്ങളുള്ളത്.

അതേ സമയം വ്യത്യാസത്തെ കുറിച്ച് പഠിച്ച ശേഷമേ പ്രതികരിക്കാനാകൂ എന്ന് സൂപ്രണ്ട് അറിയിച്ചു. രോഗികളുടെ ജീവന്‍ അടിയന്തിരമായി രക്ഷിക്കേണ്ട് പ്രവത്തികളില്‍ പോലും ലാഘവം കാണിക്കുന്നെന്ന് മാത്രമല്ല, ഇതിന് ചെലവാക്കിയ ലക്ഷങ്ങളുടെ കണക്കക്ക് കൂടി വ്യക്തമല്ലാത്ത സാഹചര്യത്തില്‍ സമരങ്ങള്‍ക്കൊരുങ്ങുകയാണ് യുവജന സംഘടനകള്‍.