സന്നിധാനം: അടുത്ത വിഷു ഉൽസവം മുതൽ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് മുഴുവൻ ഭക്തർക്കും സൗജന്യ യാത്രാസൗകര്യം ഒരുക്കാൻ ദേവസ്വം ബോ‍ർഡ് ആലോചിക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാർ. സർക്കാരുമായി ആലോചിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. തിരുപ്പതി മോഡൽ ബസ് സർവീസ് തുടങ്ങാനാണ് ആലോചന.അടുത്ത വിഷു ഉത്സവത്തിന് ആദ്യഘട്ടമെന്ന നിലയിൽ അൻപത് ബസുകൾ ഓടിക്കാനാണ് പദ്ധതി. ദേവസ്വം ബോർഡ് നേരിട്ടാകില്ല സർവീസ് നടത്തുന്നത്. പകരം സന്നദ്ധ സംഘടനകളുടെ വാഹനങ്ങൾ ഓടിക്കാനാണ് ആലോചിക്കുന്നത്.

ഈ മണ്ഡലക്കാലത്ത് ശബരിമലയിൽ നടവരവ് കുറഞ്ഞതിൽ ആശങ്കയില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു. ശബരിമലയുടെ വികസനത്തിനും തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനേയും ഇത് ബാധിക്കില്ല. നടവരവ് കൊണ്ട് മാത്രമല്ല, സർക്കാർ നൽകുന്ന പൊതുപണം കൂടി ഉപയോഗിച്ചാണ് ശബരിമലയുടെ വികസനം നടക്കുന്നത്. നടവരവ് കുറയ്ക്കാൻ ആസൂത്രിത നീക്കം നടത്തിയവർ എത്ര ശ്രമിച്ചാലും പരമാവധി നൂറ് കോടി രൂപയുടെ കുറവ് ഉണ്ടാക്കാനേ ആകൂ. പക്ഷേ പകരം ഇരുന്നൂറ് കോടി രൂപ സർക്കാർ തരുമെന്ന് അദ്ദേഹം പറഞ്ഞു. 

50 കിലോമീറ്ററിൽ ഒന്നുവീതം ശബരിമല ഇടത്താവളങ്ങൾ കേരളത്തിൽ ഉടനീളം ഉണ്ടാക്കും. ഈ പദ്ധതി കഴക്കൂട്ടത്ത് നിന്ന് തുടങ്ങും. സർക്കാർ ഫണ്ടിൽ നിന്നും 108 കോടി രൂപ മുടക്കിയാണ് നിലയ്ക്കലിൽ പുതിയ കുടിവെള്ള പ്ലാന്‍റ് നിർമ്മിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 308 കോടി രൂപയാണ് സർക്കാർ ശബരിമലയ്ക്കായി മുടക്കിയത്. ശബരിമലയുടെ വികസന് കേരള സർക്കാരിന്‍റെ ഗ്യാരന്‍റിയുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് കോടതിയിൽ ഹർജി നൽകിയിട്ടില്ല. യുവതി പ്രവേശനത്തിന്‍റെ കാര്യത്തിൽ സുപ്രീംകോടതി വിധി വന്നിട്ട് അഭിപ്രായം പറയും. ആചാരവും ആചാരവിരുദ്ധവും എന്തൊക്കെയാണെന്ന് കാലാകാലങ്ങളിൽ ചർച്ച ചെയ്ത് തീരുമാനം എടുക്കേണ്ട കാര്യമാണ്. മലയരയ വിഭാഗക്കാർ ശബരിമലയിൽ തേനഭിഷേകം നടത്തിയിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഇന്ന് ഈ ആചാരമില്ല. തീർത്ഥാടകർ ഭസ്മക്കുളത്തിൽ ഇറങ്ങി കുളിച്ച് പതിനെട്ടാം പടി ചവിട്ടുന്ന ആചാരം ഉണ്ടായിരുന്നു. എന്നാൽ ഭസ്മക്കുളം പിന്നീട് മൂടി. ക്ഷേത്രത്തിന്‍റെ വടക്കു പടിഞ്ഞാറേ മൂലയ്ക്കുണ്ടായിരുന്ന മണിക്കിണറിൽ നിന്നും മുക്കിക്കോരിയ ജലം കൊണ്ട് അഭിഷേകം നടത്തണമെന്നാണ് ആചാരം. പക്ഷേ ആ കിണർ ഇന്നില്ല. പതിനെട്ടാം പടിക്ക് ജീവാംശം ഉണ്ടെന്നാണ് വിശ്വാസം. പടിയിൽ ഈയം ഉരുക്കിയൊഴിച്ച് പഞ്ചലോഹം പതിച്ചത് ഏത് ആചാരപ്രകാരമാണെന്നും അദ്ദേഹം ചോദിച്ചു.

വാസ്തുശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തിൽ ക്ഷേത്രം നിർമ്മിച്ചതിന് ശേഷം വാസ്തുപ്രകാരമുള്ള ചുറ്റളവിൽ തൊട്ട് പുതിയ നിർമ്മിതികൾ പാടില്ലെന്നാണ് ആചാരം. എന്നാൽ സന്നിധാനത്ത് ക്ഷേത്രത്തിന്‍റെ ചുറ്റളവിൽ തൊട്ട് ഇത്രയധികം കെട്ടിടങ്ങൾ നിർമ്മിച്ചത് ആചാരവിരുദ്ധമാണ്. ശബരിമല ക്ഷേത്രത്തിന്‍റെ കന്യാകോണിലുള്ള കെട്ടിടത്തിൽ കക്കൂസ് പണിഞ്ഞതും ആചാരവിരുദ്ധമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഭസ്മക്കുളവും മണിക്കിണറും പുനർനിർമ്മിക്കുമെന്നും ക്ഷേത്രത്തിന്‍റെ ചുറ്റളവിൽ തൊട്ടുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്നാണ് ബോർഡിന്‍റെ ആഗ്രഹമെന്നും എ.പദ്മകുമാർ പറഞ്ഞു.