തൊടുപുഴ: സൗദിയില്‍ വീട്ടുജോലിക്ക് പോയ സ്ത്രീ ശാരീരിക പീഡനത്തിന് ഇരയായ സംഭവത്തില്‍ ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റിലായി. തൊടുപുഴ അല്‍ ജഷീറ ട്രാവല്‍ ഏജന്‍സി ഉടമ അജിനാസാണ് അറസ്റ്റിലായത്. ഇയാള്‍ വഴി സൗദിയിലെത്തിയ നിരവധി സ്ത്രീകള്‍ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്.

തൊടുപുഴ പെരുമ്പിള്ളിച്ചിറ സ്വദേശിയായ ചെരുവില്‍പുരയിടം വീട്ടില്‍ അജിനാസാണ് അറസ്റ്റിലായത്. അമ്പലം ബൈപ്പാസ് ജംഗ്ഷനില്‍ അല്‍ ജഷീറ എന്ന ട്രാവല്‍ ഏജന്‍സി നടത്തിവരുകയായിരുന്നു ഇയാള്‍. ഇളംദേശം സ്വദേശിയായ സ്ത്രീയെ വീട്ടുജോലിക്കായി സൗദിയിലേക്ക് കടത്തിയ സംഭവത്തിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. 35കാരിയും വിധവയുമായ സ്ത്രീക്ക് സൗദിയിലെത്തിയശേഷം ക്രൂരമായ ശാരീരിക പീഡനം ഏല്‍ക്കേണ്ടിവന്നിരുന്നു. പറഞ്ഞതിന്റെ പകുതി ശമ്പളംപോലും നല്‍കിയതുമില്ല. ഒരു വീട്ടിലെ ജോലിക്കെന്ന് പറഞ്ഞിട്ട് പല വീടുകളില്‍ ജോലി ചെയ്യേണ്ടിവന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി സ്ത്രീയുടെ അമ്മ മുഖ്യമന്ത്രിക്കും തൊടുപുഴ പൊലീസിനും പരാതകി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. റിക്രൂട്ട്‌മെന്റ് ലൈസന്‍സ് ഇല്ലാതെയാണ് അജിനാസ് ട്രാവല്‍ ഏജന്‍സി നടത്തിയിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതെത്തുടര്‍ന്ന് അജിനാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സൗദിയിലുള്ള യുവതി മറ്റന്നാള്‍ നാട്ടിലെത്തും. ഇവരുടെ മൊഴി രേഖപ്പെടുത്തിയാല്‍ മാത്രമെ അജിനാസിന്റെ തട്ടിപ്പിന്റെ വ്യാപ്തി എത്രത്തോളമെന്ന് വ്യക്തമാകൂ.