വർഷങ്ങൾക്ക് ശേഷമാണ് മലമ്പുഴയിൽ ഇത്രയധികം വെള്ളംനിറയുന്നത്

പാലക്കാട്:ദിവസങ്ങളായി തുടരുന്ന മഴയില്‍ മലമ്പുഴ അണക്കെട്ട് നിറഞ്ഞു കവിഞ്ഞു. മഴവെളളപ്പാച്ചിലും ചെറുവെളളച്ചാട്ടങ്ങളും കാണാൻ സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. ഒരാഴ്ച കൂടി മഴ തുടർന്നാൽ അണക്കെട്ടിന്റെ ഷട്ടർ തുറക്കേണ്ടി വരും. വർഷങ്ങൾക്ക് ശേഷമാണ് മലമ്പുഴയിൽ ഇത്രയധികം വെള്ളംനിറയുന്നത്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയായ 115 മീറ്ററിനോടടുക്കുകയാണ് ജലനിരപ്പ്. ഇപ്പോൾത്തന്നെ 113 മീറ്റർ പിന്നിട്ടു. 45 കിലോമീറർ ചുറ്റളുവരുന്ന അണക്കെട്ടിന്റെ വൃഷ്ടിപ്രദേത്തും ജലനിരപ്പ് ഉയരത്തിൽ തന്നെയാണ്.

അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന മഴവെളളപ്പാച്ചിലും ചെറുവെളളച്ചാട്ടങ്ങളും സന്ദർശകർക്കും പ്രിയങ്കരമാണ്. അപകടമില്ലാത്ത കാട്ടുചോലയിൽ കുളിക്കുകയുമാകാം. കനത്ത മഴയെ അവഗണിച്ച് അണക്കെട്ടിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർ നിരവധിയാണ്. നാലുവർഷം മുമ്പാണ് അണക്കെട്ട് ഇതിനുമുമ്പ് നിറഞ്ഞത്. അണക്കെട്ടിലെ ജലനിരപ്പുയരുന്നത് പാലക്കാടൻ കാർഷിക മേഖലയ്ക്കും നല്ലവാർത്തയാണ്. വേനൽ കടുത്താലും, ജലക്ഷാമം ഒരു പരിധിവരെ ഇക്കുറിയുണ്ടാവില്ലെന്ന പ്രത്യാശയും.