ചുരിദാര്‍ ഇന്ത്യന്‍ സ്ത്രീകള്‍ പരമ്പരാഗതമായി ധരിക്കുന്ന വസ്ത്രമാണെന്ന് കത്തില്‍ പറയുന്നു. ചുരിദാര്‍ ക്ഷേത്രത്തില്‍ ധരിക്കുന്നതില്‍ കുഴപ്പമില്ല. ചുരിദാറിന്റെ മുകളില്‍ മുണ്ട് ധരിച്ച് ക്ഷേത്രത്തില്‍ കയറണമെന്ന വാദം വിചിത്രവും അപഹാസ്യവുമാണെന്നും അവര്‍ കത്തില്‍ എഴുതുന്നു. 

ചുരിദാര്‍ പാടില്ലെന്നായിരുന്നു ഭരണസമിതിയിലെ രാജകുടുംബത്തിന്റെ പ്രതിനിധി ആദിത്യ വര്‍മ്മ സ്വീകരിച്ചിരുന്ന നിലപാട്. പട്ടു പാവാടയോ മറ്റോ ധരിക്കണമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. രാജ കുടുംബത്തിനകത്തു തന്നെ ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാട് ആണെന്നാണ് ഗൗരി ലക്ഷ്മിബായിയുടെ നിലപാട് സൂചിപ്പിക്കുന്നത്. 

ഇന്നലെ ചുരിദാര്‍ ധരിച്ചു വന്ന സ്ത്രീകളെ ചില ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും ഇക്കാര്യത്തില്‍ രണ്ട് ഉത്തരവുകളാണ് ഇറക്കിയത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയായിരിക്കും അന്തിമ തീരുമാനം എടുക്കുക.