സംസ്ഥാനത്ത് ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ ട്രോളിങ് നിരോധനം പ്രാബല്യത്തില്‍ വരും. 47 ദിവസമാണ് നിരോധനം നീണ്ടു നില്‍ക്കുക. പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് മാത്രമാണ് നിരോധന കാലയളവില്‍ കടലില്‍ പോകുവാന്‍ അനുവാദമുള്ളത്. കട്ടമരങ്ങളിലും, ഔട്ട് ബോര്‍ഡ് എഞ്ചിന്‍ ഘടിപ്പിച്ച ചെറുവള്ളങ്ങളിലും മത്സ്യബന്ധനം നടത്താം. ബോട്ടുകള്‍ അനധികൃത മത്സ്യബന്ധനം നടത്തുന്നത് തടയാന്‍ പട്രോളിംഗ് ശക്തമാക്കും. ഇതിനായി വിഴി‍ഞ്ഞം, നീണ്ടകര, വൈപ്പിന്‍, ബൈപ്പൂര്‍, കണ്ണൂര്‍ തുടങ്ങിയ തീരങ്ങളില്‍ പ്രത്യേക ബോട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

അന്യ സംസ്ഥാന ബോട്ടുകളോട് ബുധനാഴ്ച്ചയ്‌ക്ക് മുമ്പ് തീരം വിടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിരോധിത മത്സ്യബന്ധന യാനങ്ങള്‍ക്ക് ഡീസല്‍ നല്‍കരുതെന്ന് പമ്പ് ഉടമകളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബോട്ടുകള്‍ കളര്‍ കോഡ് നിര്‍ബന്ധമായും പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ പ്രധാന സ്റ്റേഷനുകളില്‍ കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തനമാരംഭിക്കും.