ഇടുക്കി: ഹൈറേഞ്ചില്‍ ചികിത്സാ സഹായത്തിന്റെ പേരില്‍ വന്‍ പണത്തട്ടിപ്പ്. ലക്ഷങ്ങള്‍ പിരിച്ചെടുക്കുന്ന ചില സംഘടനകള്‍ രോഗികള്‍ക്ക് നല്‍കുന്നത് തുശ്ചമായ തുക. പണത്തട്ടിപ്പിന് ഇരയായ യുവാവ് പോലീസില്‍ പരാതി നല്‍കി.

വൃക്ക രോഗികളുടേയും ക്യാന്‍സര്‍ രോഗികളുടേയും എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചതോടെ നിര്‍ദ്ധന കുടുംബങ്ങളിലുള്ള രോഗികള്‍ക്ക് ചികിത്സാ സഹായമാവശ്യപ്പെട്ട് നിരവധി സംഘടനകളും വ്യക്തികളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇത് ഒരു വരുമാനമാര്‍ഗ്ഗമായി മാറ്റിയിരിക്കുന്ന ഒരുവിഭാഗവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ റോബിന്‍ റോയിയാണ് തന്റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്ത ശേഷം തുശ്ചമായ തുക നല്‍കി കബിളിപ്പിച്ചതായി പോലീസില്‍ പരാതി നല്‍കിയത്. 

കൂലിപ്പണി ചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന റോബിന്‍ റോയി ഇരുവൃക്കകളും തകരാറിലായതോടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് പണം കണ്ടെത്തുന്നതിന് സുമനസ്സുകളുടെ സഹായം തേടി. ഈ അവസരത്തിലാണ് രാജാക്കാട് പഴയവിടുതി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടന സഹായ വാഗ്ദാനവുമായി രംഗത്ത് എത്തുന്നത്. തുടര്‍ന്ന് റോബിന്റെ ചികിത്സാ ചെലവുകള്‍ കണ്ടെത്തുന്നതിനായി ഗായക സംഘം പര്യടനം ആരംഭിച്ചു.

ദിവസ്സേന പതിനയ്യായിരം മുതല്‍ ഇരുപത്തിയെണ്ണായിരം രൂപവരെ ഇവര്‍ക്ക് ലഭിച്ചിരുന്നതായി വിവരമുണ്ട്. മൂന്ന് മാസക്കാലം ഇത്തരത്തില്‍ പണപ്പിരിവ് നടത്തുകയും ചെയ്തു. എന്നാല്‍ റോബിന് നല്‍കിയത് ഒരുലക്ഷത്തി നാല്‍പ്പത്തിയൊമ്പതിനായിരം രൂപമാത്രമാണ്. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയ റോബിനെ കാണുവാനെത്തിയ ഗായക സംഘത്തിലെ ആളുകള്‍ വഴിയാണ് വന്‍തോതില്‍ പണപ്പിരിവ് നടത്തിയെന്നും ഒമ്പത് ലക്ഷത്തോളം രൂപാ പിരിച്ചെടുത്തിണ്ടുണ്ടെന്നും അറിയുന്നത്. 

തുടര്‍ന്ന് കണക്ക് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ നല്‍കുവാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഈ സംഘത്തിന്റെ നേതൃത്വത്തില്‍ മറ്റൊരു രോഗിയ്ക്ക് വേണ്ടി പിരിവ് നടത്തുന്നുണ്ടെന്ന് അറിഞ്ഞതോടെയാണ് തന്റെ ഗതി മറ്റൊരാള്‍ക്ക് ഉണ്ടാകരുതെന്ന് കരുതി രാജാക്കാട് പൊലിസില്‍ പരാതി നല്‍കിയതെന്ന് റോബിന്‍ പറഞ്ഞു. ലക്ഷക്കണക്കിന് രൂപ റോബിന്റെ പേരില്‍ പിരിച്ചെടുത്തിണ്ടുന്നും തങ്ങള്‍ സാക്ഷികളാണെന്നും പണപ്പിരിവിന് ഒപ്പമുണ്ടായിരുന്നവരും പറയുന്നു. വൈകല്യം ബാധിച്ച പതിനൊന്ന് വയസുകാരന്റെ പേരില്‍ ഗാനമേള നടത്തി തട്ടിപ്പ് നടത്തിയ സംഘത്തെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റാന്നി, ഈട്ടിച്ചോട്, മുക്കരണത്തില്‍ വീട്ടില്‍ സാംസണ്‍ സാമുവല്‍(59) ആണ് അന്ന് പോലീസ് പിടികൂടിയത്.

നിലവില്‍ ശസ്ത്രക്രിയ കഴിഞ്ഞ് വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത് റോബിന്റെ ഭാര്യയുടെ ചെറിയ വരുമാനം മാത്രമാണ് ഇവരുടെ ഏകവരുമാനം. സുമനസുകളുടെ സഹായം കൊണ്ടാണ് ഇപ്പോഴും മുമ്പോട്ട് പോകുന്നത്. നിര്‍ധന കുടുംബത്തിന് വീടി വെച്ച് നല്‍കാന്‍ സഹായ ഹസ്തവുമായി എന്‍എസ്എസ് വിദ്യാര്‍ത്ഥികളും രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ സ്ഥലമില്ലാത്തതിനാല്‍ ഇതും പ്രതിസന്ധിയിലാണ്.