തിരുവനന്തപുരം: അധികാരത്തിലേറി ഒന്നരവര്‍ഷം പിന്നിടുമ്പോള്‍ ചികിത്സാ ചെലവിനത്തില്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ ചെലവഴിച്ചത് 23 ലക്ഷം രൂപ. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് കൂടുതല്‍ തുക ചെലവഴിച്ചത്. തൊട്ടുപിന്നില്‍ മന്ത്രി കെ കെ ശൈലജയുണ്ട്.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് 4 ,82,467 രൂപ, ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് 3,81,846 രൂപ, വനം മന്ത്രി കെ രാജുവിന് 2,79,927 രൂപ. സംസ്ഥാനത്തെ മന്ത്രിമാര്‍ കഴിഞ്ഞ ഒന്നരകൊല്ലം ചികിത്സാ ചെലവിനത്തില്‍ പൊതു ഖജനാവില്‍ നിന്ന് കൈപ്പറ്റിയ തുകയാണിത്. ചികിത്സാ ചെലവിനത്തില്‍ കൈപ്പറ്റിയത് എട്ട് മന്ത്രിമാര്‍. 78,898 രൂപയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ചികിസ്താ ചെലവ്. ഏറ്റവും കുറവ് തുക വാങ്ങിയത് എ കെ ബാലനാണ്. 16 458 രൂപയാണ് എ കെ ബാലന്‍റെ ചികിത്സ ചെലവ്.

വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയുടെ മറുപടിയില്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, എന്നിവര്‍ക്ക് ചികിത്സാ ഇനത്തില്‍ അനുവദിക്കുന്ന തുകയ്ക്ക് പരിധിയില്ല എന്നാണ് വ്യക്തമാക്കുന്നത്. അതായത് ചികിത്സക്കായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എത്ര രൂപ വേണമെങ്കിലും ഖജനാവില്‍ നിന്ന് എടുക്കാം. ചികിത്സാ ആനുകൂല്യങ്ങള്‍ അനര്‍ഹമായി കൈപ്പറ്റിയെന്ന് പരാതിയില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ വിജിലന്‍സ് അന്വേഷണം നേരിടുന്ന പശ്ചാത്തലത്തില്‍ ആണ് ഇതിന് കൂടുതല്‍ പ്രസക്തി. ചികിത്സയുടെ പേരില്‍ ഭക്ഷണത്തിനുള്ള ചെലവും മന്ത്രി ചികിത്സാ ചെലവിനത്തില്‍ കൈപ്പറ്റിയെന്നാണ് ഷൈലജയ്ക്ക് എതിരായ പ്രധാന ആരോപണം. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ റീം ഇംപേഴ്‌സമെന്റ് വ്യവസ്ഥകള്‍ കര്‍ശനമാക്കണമെന്നാണ് ആവശ്യം.