കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക ചികിത്സാ സംവിധാനം. ആശുപത്രികളില്‍ ഭിന്നലിംഗക്കാര്‍ നേരിടുന്ന വിവേചനം കണക്കിലെടുത്താണ് നടപടി. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയും ആരോഗ്യ വകുപ്പും ചേര്‍ന്നാണ് ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കുന്നത്.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്കെത്തുന്ന ഭിന്നലിംഗക്കാര്‍ക്ക് വേണ്ട പരിഗണനകള്‍ ലഭിക്കാറില്ല. ഇതു കണക്കിലെടുത്താണ് കോഴിക്കോട് സര്‍ക്കാര്‍ ബീച്ചാശുപത്രിയില്‍ ഭിന്നലിംഗക്കാര്‍ക്ക് മാത്രമായി ചികിത്സാ സംവിധാനമൊരുക്കുന്നത്. സംസ്ഥാനത്ത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പത്തനംതിട്ട ജില്ലാ ആശുപത്രിയിലുമാണ് ഭിന്നലിംഗക്കാര്‍ക്ക് മാത്രമായി നിലവില്‍ ചികിത്സാ സംവിധാനമുള്ളത്.
ഭിന്നലിംഗക്കാരില്‍പ്പെടുന്ന ആരു ചികിത്സ തേടിയെത്തിയാലും ഒ പി ടിക്കറ്റിനുവേണ്ടി കാത്തു നില്‍ക്കാതെ ഡോക്ടറെ കാണാനുള്ള സൗകര്യമുണ്ടാകും. കിടത്തി ചികിത്സ ആവശ്യമെങ്കില്‍ രോഗി ആവശ്യപ്പെടുന്നതിനനുസരിച്ച് മുറി നല്‍കും. അല്ലെങ്കില്‍ ആവശ്യപ്പെടുന്ന വാര്‍ഡ് നല്‍കും. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ആവശ്യമാണെങ്കില്‍ ബീച്ച് ആശുപത്രിയില്‍ ലഭ്യമാക്കാനും പദ്ധതിയുണ്ട്.
