ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരേ സമയം മരങ്ങളെ പുണര്‍ന്നതിനുള്ള റെക്കോര്‍ഡ് ഏഷ്യാനെറ്റ് ന്യൂസിന്റെ പേരില്‍ തന്നെ. 4620 എന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ അമേരിക്കയിലെ വിര്‍ജീനിയയിലെ കൂട്ടായ്മ സംഘടിപ്പിച്ച ശ്രമം പരാജയപ്പെട്ടു.

മരങ്ങളെ ആലിംഗനം ചെയ്ത് പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത നെഞ്ചോട് ചേര്‍ത്ത ഏഷ്യാനെറ്റ് ന്യൂസിന്റെ പെരുമ തന്നെ ഇനിയും നിലനില്‍ക്കും. വിര്‍ജീനിയയിലെ ലിന്‍ച്ച്‌ബേര്‍ഗിലെ പീക്‌സ് വ്യൂ പാര്‍ക്കിലാണ് കൂടുതല്‍ പേര്‍ കൂടുതല്‍ മരങ്ങളെ പുണര്‍ന്ന്, സന്ദേശം ഇനിയും വലുതാക്കാനുള്ള ശ്രമം നടത്തിയത്. 4620 എന്ന ഏഷ്യാനെറ്റ് ന്യൂസ് കൂട്ടായ്മയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ 4700 പേരെയാണ് സംഘാടകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ പരിപാടി നിശ്ചയിച്ച കഴിഞ്ഞ ശനിയാഴ്ച, പാര്‍ക്കിലെത്തിയത് 1200 പേര്‍ മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒമ്പതാം തീയതി നടത്താനിരുന്ന പരിപാടി കൂടുതല്‍ മുന്നൊരുക്കങ്ങള്‍ക്കായാണ് ഈ വര്‍ഷം ഏപ്രില്‍ 29ലേക്ക് മാറ്റിയിരുന്നത്. 17 പാര്‍ക്കുകള്‍ ചേര്‍ന്ന പീക്‌സ് വ്യൂ പാര്‍ക്ക് ജനങ്ങള്‍ക്ക് മികച്ച ശാരീരിക മാനസികക്ഷമത ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. റെക്കോര്‍ഡ് ഭേദിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മരങ്ങളെ ചേര്‍ത്ത് പിടിക്കണമെന്ന സന്ദേശം കൂടുതല്‍ പേരിലേക്കെത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് പീക്‌സ് വ്യൂ പാര്‍ക്ക് ഡയറക്ടര്‍ ജെന്നിഫര്‍ ജോണ്‍സ് പറഞ്ഞു.