എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍ അനില്‍കുമാറിനെറ കോടതിയിലാണ് വിചാരണ നടക്കുന്നത്.മൂന്ന് മാസം മുമ്പ് തന്നെ വിചാരണ നടപടികള്‍ തുടങ്ങിവെച്ചതാണെങ്കിലും ഇതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിക്ക് വന്ന സാഹചര്യത്തില്‍ സാക്ഷി വിസ്താരം നീട്ടിവെക്കുകയായിരുന്നു. ഈ ഹര്‍ജികളെല്ലാം ഹൈക്കോടതി തീര്‍പ്പാക്കിയ സാഹചര്യത്തിലാണ് സാക്ഷി വിസ്താരത്തിന് തീയതികള്‍ നിശ്ചയിച്ചത്. 

രാവിലെ തന്നെ പ്രതി അമീറിനെ കോടതിയിലെത്തിച്ചിരുന്നു. അടുത്ത മാസം 13 ന് സാക്ഷി വിസ്താരം തുടങ്ങും. ആഴ്ചയില്‍ മൂന്ന് ദിവസമാണ് വിചാരണയക്ക് നീക്കിവെച്ചിട്ടുള്ളത്. തിങ്കള്‍ ,ചൊവ്വ,ബുധന്‍ ദിവസങ്ങളിലാണ് വിചാരണ. ജിഷ കൊല്ലപ്പെട്ട വിവരം ആദ്യം പൊലീസില്‍ അറിയിച്ച നാട്ടുകാരനായ അനസിനെ 13ന് വിസ്തരിക്കും. പിറ്റേന്ന് ജിഷയുടെ അമ്മ രാജേശ്വരിയേയും 15 ന് പ്രതി ജിഷയുടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ട അയല്‍ക്കാരിയേയും വിസതരിക്കും. 

ഇവരുള്‍പ്പടെ 21 സാക്ഷികളെ വിസ്തരിക്കാനാണ് ഇപ്പോള്‍ നോട്ടീസ് അയക്കുന്നത്. ബാക്കി സാക്ഷികളുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. പൊലീസിന്റെ കണ്ടെത്തലുകള്‍ വിശ്വസനീയമല്ലെന്നും കൂടുതല്‍ അന്വേഷണം നടത്തണം എന്നുമാവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ കോടതി ഇത് തള്ളി.