പാലക്കാട്: വനാവകാശ നിയമപ്രകാരം കൈവശ രേഖ കിട്ടിയ ഭൂമിയിൽ നിന്ന് കുടിയിറക്ക് ഭീഷണി നേരിടുകയാണ് പാലക്കാട് കിഴക്കഞ്ചേരി കവിൾപാറയിലെ ആദിവാസി കോളനി വാസികൾ. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ,വനം വകുപ്പ് ഇവർക്കും ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത്

മംഗലം ഡാമിനടുത്ത കവിള്‍പാറയില്‍ 36 ആദിവാസി കുടുംബങ്ങളാണ് കുടിയിറക്ക് ഭീഷണി നേരിടുന്നത്. ഒരാഴ്ചകകം രേഖകൾ ഹാജരാക്കാത്ത പക്ഷം താമസിക്കുന്ന സ്ഥലത്ത് നിന്ന് ഇറങ്ങണമെന്നാണ് വനം വകുപ്പിന്‍റെ നോട്ടീസിൽ പറയുന്നത്.

1970 ന് മുൻപേ ഇവിടെ താമസിക്കുന്നവർക്കും 2009 ൽ വനാവകാശ നിയമ പ്രകാരം കൈവശ രേഖ ലഭിച്ചവർക്കുമല്ലാം വനംവകുപ്പിന്‍റെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. വൈദ്യുതി ഉൾപ്പെടെയുള്ള സൗകര്യം ലഭിച്ച കോളനിവാസികളോട് ആണ് ഇപ്പോൾ ഇറങ്ങിപോകാൻ അധികൃതർ പറയുന്നത്. വൃദ്ധരും കുട്ടികളും അടങ്ങുന്ന കുടുംബവുമായി എങ്ങോട്ട് പോകുമെന്നാണ് ഇവരുടെ ചോദ്യം.

മലയ വിഭാഗത്തിൽപെടുന്നവരാണ് ഇവിടെയുള്ളവരിൽ അധികവും. സർക്കാർ ഇടപെട്ട് കുടിയിറക്ക് നടപടി ഒഴിവാക്കണമെന്ന് ഇവരുടെ ആവശ്യം. എന്നാൽ രേഖകളുള്ളവർ ഓഫീസിലെത്തി പരിശോധിച്ചാൽ ഇളവ് നൽകുമെന്നാണ് വനം വകുപ്പിന്‍റെ വാദം.