ശബരിമലയിലേക്ക് പോകാൻ പൊലീസ് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി നേതാവ് അമ്മിണി വീണ്ടും രംഗത്ത്. കോട്ടയം എസ്പിയെ കണ്ടാണ് അമ്മിണി സുരക്ഷ ആവശ്യപ്പെട്ടത്.
കോട്ടയം: ശബരിമലയിലേക്ക് പോകാൻ പൊലീസ് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി നേതാവ് അമ്മിണി വീണ്ടും രംഗത്ത്. കോട്ടയം എസ്പിയെ കണ്ടാണ് അമ്മിണി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്നലെ ശബരിമല ദര്‍ശനത്തിനെത്തിയ അമ്മിണി പ്രതിഷേധത്തെ തുടര്‍ന്ന് എരുമേലിയിൽ വച്ച് യാത്ര അവസാനിപ്പിക്കുകയായിരുന്നു.
പമ്പയിലുണ്ടായ നാടകീയസംഭവങ്ങൾക്ക് പിന്നാലെയായിരുന്നു അമ്മിണിയുടെ പിന്മാറ്റം. പൊലീസ് സുരക്ഷയോടെ മറ്റൊരു ദിവസം ദർശനം നടത്തുമെന്ന് അമ്മിണി ഇന്നലെ വ്യക്തമാക്കിയിരുന്നു. മനിതി സംഘത്തോടൊപ്പം ശബരിമലയിൽ പോകാൻ കഴിഞ്ഞദിവസം കോട്ടയത്തെത്തിയ അമ്മിണി പൊലീസിൽ നിന്നും സുരക്ഷയും ആവശ്യപ്പെട്ടിരുന്നു. ശബരിമലയിൽ പോകാൻ കഴിഞ്ഞില്ലെങ്കിൽ പമ്പയിൽ നിരാഹാരം നടത്തുമെന്നായിരുന്നു അമ്മിണിയുടെ പ്രഖ്യാപനം.
ഉച്ചയോടെ പൊൻകുന്നത്ത് നിന്നും നിലയ്ക്കലിലേക്ക് പൊലീസ് സുരക്ഷയോടെ തിരിച്ച അമ്മിണിയോട് പമ്പയിലെ സംഭവവികാസങ്ങൾ പൊലീസ് വിശദീകരിച്ചു. തുടർന്ന് എരുമേലി സ്റ്റേഷനിലെത്തിയ അമ്മിണി യാത്രയിൽ നിന്നും തല്ക്കാലം പിൻമാറുന്നുവെന്ന് അറിയിക്കുകയായിരുന്നു. അമ്മിണിക്കെതിരെ എരുമേലി സ്റ്റേഷനിലും മറ്റും ശബരിമല കർമ്മസമിതി പ്രവർത്തകർ പ്രതിഷേധിച്ചു. അമ്മിണിക്കൊപ്പം പോകാൻ കോട്ടയത്തെത്തിയ ചിലരും പ്രതിഷേധം ഭയന്ന് യാത്ര ഉപേക്ഷിച്ചിരുന്നു.
