കോഴിക്കോട്: ആദ്യമായി കടല്‍ കണ്ടതിന്‍റെ ആവേശത്തിലായിരുന്നു നിലമ്പൂരില്‍ നിന്ന് വന്ന ആദിവാസി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. നിലമ്പൂര്‍ കാട്ടില്‍ കഴിയുന്ന കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍ വിഭാഗത്തില്‍ പെടുന്ന 62 വിദ്യാര്‍ത്ഥികളാണ് കോഴിക്കോട് നഗരവും ബീച്ചും കാണാനെത്തിയത്. നിലമ്പൂര്‍ വെളിയന്തോടിലെ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍. ആദ്യമായി കടലുകണ്ടതിന്‍റെ അനുഭവം പറയാന്‍ പലര്‍ക്കും നാണം.
കടലെന്ത് വലുതാ എന്ന് ഉറക്കെ പറഞ്ഞ് സുബിന്‍. മണലില്‍ കുഴിയുണ്ടാക്കി അരുണിമ. കുഞ്ഞു ഞണ്ടിനെ പിടിച്ച് കണ്ടോ കണ്ടോ എന്ന് പറഞ്ഞ് രഞ്ജിമ. ആദ്യമായി കടലു കാണുകയായിരുന്നു ഈ കുട്ടികള്‍.കടല്‍ കണ്ടപ്പോള്‍ കുട്ടികള്‍ക്ക് അമ്പരപ്പായിരുന്നു ആദ്യം. പിന്നെ കളിച്ച് തിമിര്‍ക്കാന്‍ തുടങ്ങി. അസ്തമയ സൂര്യന്‍ മറയുമ്പോള്‍ ഇവര്‍ക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. ഇനീം വരണം
