തൃശൂര്‍ കൊടുങ്ങല്ലൂരില്‍ ആദിവാസിയുവതിയെ ഭരത്താവും വീട്ടുകാരും ചേര്‍ന്ന് മതം മാറ്റാന്‍ നിര്‍ബന്ധിക്കുന്നതായി പരാതി. ഇതിനു വഴങ്ങാത്തതിനാല്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുന്നതായി ചൂണ്ടിക്കാട്ടി യുവതി കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി. ഭര്‍തൃവീട്ടില്‍ നിന്ന് ഇറക്കിവിട്ടതോടെ എങ്ങോട്ട് പോകുമെന്ന് അറിയാത്ത ഗതികേടിലാണ് സുമിത്ര

വയനാട്ടിലെ പുല്‍പ്പള്ളിയിലെ കുറിച്യ ആദിവാസി വിഭാഗത്തില്‍ പെട്ട സുമിത്ര നാലു വര്‍ഷം മുമ്പാണ് സെബാസ്റ്റ്യനെ വിവാഹം കഴിച്ച് തൃശൂരിലെത്തിയത്. അന്നുമുതല്‍ തുടങ്ങിയതാണ് സുമിത്രയുടെ ദുരിതം. വിവാഹ സമയത്ത് മതം മാറണമെന്ന് ആവശ്യപ്പെടാതിരുന്ന ഭര്‍ത്താവ് പക്ഷെ പിന്നീട് നിലപാട് മാറ്റി. ആദിവാസിയായതിനാല്‍ ഭര്‍ത്യവീട്ടുകാരുടെ പീഡനം വേറെയും. വീട്ടില്‍ നിന്ന് ഇറക്കിവിട്ട സുമിത്രയെ സന്നദ്ധപ്രവര്‍ത്തകരാണ് കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. എന്നാല്‍ പൊലീസില്‍ ഇതിനു മുമ്പും പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് സുമിത്ര പറയുന്നു. അന്യമതക്കാരനെ വിവാഹം ചെയ്തതോടെ വീട്ടുകാരും കൈവിട്ടു. ക്ഷയ രോഗിയായ സുമിത്രയ്‌ക്ക് ഇനി എങ്ങോട്ട് പോകണമെന്ന് അറിയില്ല. സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് കൊടുങ്ങല്ലൂര്‍ പൊലീസ് അറിയിച്ചു.