അഞ്ചുവര്‍ഷം പിന്നിട്ടിട്ടും ആദിവാസി യുവാവിനെ പറ്റി വിവരമില്ല

വയനാട്: അല്‍പം മദ്യപിക്കാറുണ്ട്, എങ്കിലും ശാന്ത സ്വഭാവമാണ്. കുടുംബത്തോടും സ്‌നേഹമായിരുന്നു. അച്ഛനൊരിക്കലും തങ്ങളെ ഒറ്റക്കു വിട്ട് ദുരേക്ക് പോകില്ല, അച്ഛന് എന്തോ സംഭവിച്ചതാണ്...! അഞ്ച് വര്‍ഷം മുമ്പ് വീട്ടില്‍ നിന്നിറങ്ങി ഇനിയും തിരിച്ചെത്തിയിട്ടില്ലാത്ത അച്ഛനെ ഓര്‍ത്ത് രവിയുടെ 19 കാരിയായ മകള്‍ വിദ്യ കണ്ണു നിറച്ചു. അമ്പലവയല്‍ ചീനിക്കാമൂല പാറക്കെട്ട് കോളനിയിലെ മാരന്റെ മകന്‍ രവിയെ (38) ദുരൂഹ സാഹചര്യത്തില്‍ കാണാതാകുകയായിരുന്നു. 

പോലീസ് അന്വേഷണം നേരത്തെ അവസാനിപ്പിച്ചെങ്കിലും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം ഇപ്പോഴും കാത്തിരിപ്പിലാണ്. രവിയുടെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയത്തിലാണ് ഇന്നും കുടുംബം. 2013 മെയ് 27ന് ഉച്ചക്ക് രണ്ട് മണിയോടെ സുഹൃത്തും പ്രദേശവാസിയുമായ ഗോപാലകൃഷ്ണനെ കാണാനെന്ന് പറഞ്ഞാണ് രവി വീട്ടില്‍ നിന്നിറങ്ങിയതെന്ന് കുടുംബം പറയുന്നു. വാഴക്കുല കൊണ്ടുപോകാന്‍ ഗോപാലകൃഷ്ണന്‍ വിളിച്ചിട്ടുണ്ടെന്നാണ് അന്ന് പറഞ്ഞത്. 

എന്നാല്‍ രവിയെ പിന്നീട് ആരും കണ്ടിട്ടില്ല. വളരെ വൈകിയും രവി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ഭാര്യ ശാന്ത ഗോപാലകൃഷ്ണന്റെ വീട്ടില്‍ അന്വേഷിച്ച് ചെന്നെങ്കിലും അവിടെ എത്തിയിട്ടില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് 2013 ജൂണ്‍ അഞ്ചിന് അമ്പലവയല്‍ സ്‌റ്റേഷനില്‍ പരാതി നല്‍കി. രണ്ട് വര്‍ഷത്തെ അന്വേഷണത്തിന് ശേഷം 2015 ജൂണ്‍ 30ന് പോലീസ് കേസ് അവസാനിപ്പിച്ചു. കണ്ടുകിട്ടാന്‍ സാധ്യതയില്ലാത്തതിനാല്‍ അവസാനിപ്പിച്ചു എന്നാണ് സ്‌റ്റേഷന്‍ രേഖകളില്‍ ഉള്ളത്. ഭാര്യ ശാന്തക്ക് ഒരു കണ്ണിന് കാഴ്ച കുറവുള്ളതിനാല്‍ ജോലിക്ക് പോകാന്‍ ബുദ്ധിമുട്ടാണ്. 

എങ്കിലും മക്കളായ വിദ്യയെയും പതിനൊന്ന് വയസുകാരന്‍ വിജിത്തിനെയും സംരക്ഷിക്കാന്‍ തൊഴിലുറപ്പ് ജോലിക്ക് പോകുകയാണ്. കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ടവരാണ് രവിയും കുടുംബവും. പുറം ലോകവുമായി അധികം ബന്ധമില്ലാത്ത ഇവര്‍ക്ക് കേസിന് പിറകെ നടക്കാനോ അന്വേഷണം മറ്റേതെങ്കിലും ഏജന്‍സികളെ ഏല്‍പ്പിക്കാന്‍ ആവശ്യമുന്നയിക്കുന്നതിനെ കുറിച്ചോ വലിയ അറിവില്ല. കോടതിയില്‍ പോയപ്പോള്‍ സ്വന്തം നിലയില്‍ വക്കീലിനെ വെക്കണമെന്ന് പറഞ്ഞിരുന്നു. അതിന് കഴിയാത്തതിനാല്‍ പിന്നീട് കേസുമായി മുന്നോട്ട് പോയില്ലെന്നും ഇവര്‍ പറയുന്നു.