മലയിഞ്ചി-പറയാമല കോളനി റോഡിന്റെ മോശാവസ്ഥയിലുളള ഭാഗം പട്ടികജാതി വികസന ഫണ്ടുപയോഗിച്ച് സഞ്ചാര യോഗ്യമാക്കാനുള്ള ശ്രമത്തിനിടെ സ്ഥലത്തെത്തിയ വനപാലകര്‍ മൊബൈലില്‍ ഫോട്ടോയെടുത്ത ശേഷം കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് നാട്ടുകാര്‍ പരാതിപ്പെട്ടത്. ഇരുവശവും ടാറും കോണ്‍ക്രീറ്റുമുളള റോഡിന്റെ പണിക്കിടെ ഫോറസ്റ്റര്‍ പ്രശ്നമുണ്ടാക്കിയത് ഏറെ നാളായി ചെയ്തുവരുന്ന ദ്രോഹങ്ങളുടെ തുടര്‍ച്ചയാണെന്നും. നട്ടുവളര്‍ത്തിയ മരങ്ങളില്‍ നിന്ന് ആടുകള്‍ക്ക് തീറ്റകൊടുക്കാന്‍ ചില്ലകള്‍ ഒടിച്ചാലും വിറകു ശേഖരിച്ചാലും കേസെടുക്കാറുണ്ടെന്നും ആദിവാസികള്‍ ആരോപിച്ചു.  മേലുദ്യോഗസ്ഥരെത്തി സ്വൈര്യ ജീവിതം ഉറപ്പാക്കിയാലേ ഉദ്യോഗസ്ഥനെ വിട്ടയക്കൂവെന്നായിരുന്നു ആദിവാസികളുടെ നിലപാട്. പൊതുപ്രവര്‍ത്തകരും പോലീസും അറിയിച്ചതനുസരിച്ച് ഒടുവില്‍ മണിക്കൂറുകള്‍ക്കു ശേഷമെത്തിയ റെയ്ഞ്ച് ഓഫീസ‌ര്‍ ചില ഉറപ്പുകള്‍ നല്‍കിയ ശേഷമാണ് തട‍ഞ്ഞുവച്ചവരെ ആദിവാസികള്‍ വിട്ടയച്ചത്.