വയനാട്: സ്വയം സന്നദ്ധ പുനഃരധിവാസ പദ്ധിതി പ്രകാരം ഓരോ കുടുംബത്തിനും പത്ത് ലക്ഷം രൂപ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത വനംവകുപ്പ് ആദിവാസികളെ കൈയൊഴിയുന്നു. വനംവകുപ്പിന്റെ വാക്ക് വിശ്വസിച്ച് കാട്ട് വിട്ടിറങ്ങിയ ആദിവാസികള്‍, വനംവകുപ്പിന്റെ പൊള്ളയായ വാഗ്ദാനത്തില്‍ മനംമടുപ്പ് വീണ്ടും കാടുകയറാന്‍ ഒരുങ്ങുന്നു. 

വനംവകുപ്പ് പറഞ്ഞ് പറ്റിച്ചതോടെയാണ് ഇവര്‍ ജനിച്ചു വളര്‍ന്ന കാട്ടിലെ വീടുകളിലേയ്ക്ക് മടങ്ങുന്നത്. സ്വന്തം മണ്ണിലിലേയ്ക്ക് മടങ്ങുന്ന സന്തോഷത്തെക്കാള്‍ ചതിക്കപ്പെട്ടതിന്റെ വേദനയും കാട്ടില്‍ കാത്തിരിക്കുന്ന വന്യമൃഗങ്ങളെക്കുറിച്ചുള്ള പേടിയുമാണ് ഇവരുടെ മനസുകളില്‍. വനംവകുപ്പിന്റെ വാക്ക് വിശ്വസിച്ച് ഈശ്വരന്‍ കൊല്ലി, നരിമാന്തി കൊല്ലി കോളനികളിലെ അറുപതിലധികം ആദിവാസികളാണ് നാല് വര്‍ഷം മുമ്പ് കാടു വിട്ടിറങ്ങിയത്. വനത്തിന് പുറത്ത് സ്ഥലം വാങ്ങാന്‍ പണം നല്‍കാമെന്നായിരുന്നു വനംവകുപ്പ് പറഞ്ഞിരുന്നത്. വാക്കു പാലിക്കുമെന്ന് കരുതി നാല് വര്‍ഷം വാടക വീടുകളില്‍ തങ്ങി. 

ജന്മാവകാശം ലഭിച്ച പട്ടയഭൂമിയില്‍ നിന്നും ഈശ്വരന്‍കോല്ലി, നരിമാന്തികോല്ലി കോളനിയിലെ ആദിവാസികള്‍ കാടിറങ്ങുന്നത് 2014 ല്‍. അതും പ്രായപൂര്‍ത്തിയായ പുരുഷനെയും വിധവകളെയും അവിവാഹിതകളെയും ഒരെ കുടുംബമായി കണക്കാക്കി പത്തുലക്ഷം രൂപ വീതം നല്‍കുമെന്ന വനംവകുപ്പിന്റെ ഉറപ്പില്‍. ഉറപ്പ് പാലിക്കുമെന്ന് കരുതി നാലുവര്‍ഷം വാടകവീടുകളില്‍ കാത്തിരുന്നു. എന്നിട്ടും ഒന്നുമാകാതെ വന്നതോടെയാണ് കാട്ടിലെ പഴയ വീടുകളിലേക്ക് തിരിച്ചെത്തിയത്. പകല്‍ പോലും വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള കാട്ടില്‍ ഇപ്പോള്‍ കൃഷിയിറക്കാനൊരുങ്ങുകയാണ് 29 കുടുംബങ്ങളിലായി കുട്ടികളടക്കം അറുപതിലധികം ആദിവാസികള്‍. 

ഇവര്‍ക്കുനല്‍കാന്‍ പണമുണ്ടെന്നാണ് വനംവുകുപ്പ് നല്‍കുന്ന വിശദീകരണം. പട്ടയഭൂമിയായതിനാല്‍ റവന്യുവകുപ്പില്‍ നിന്നും അനുകൂല നിലപാടുണ്ടാകണം. അതിന് താമസം വരുന്നതാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും വനപാലകര്‍ വിശദീകരിക്കുന്നു. എങ്കില്‍ എന്തുകൊണ്ടാണ് വനംവകുപ്പ് ഇത്രകാലം തങ്ങളെ പറഞ്ഞ് പറ്റിച്ചതെന്ന ആദിവാസികളുടെ ചോദ്യത്തിന് മുന്നില്‍ പക്ഷേ നിശബ്ദനാകാനെ വനംവകുപ്പിന് കഴിയുന്നൊള്ളൂ. റവന്യൂ വകുപ്പിന്റെ അനുകൂല നിലപാടുണ്ടെങ്കില്‍ മാത്രമേ പണം നല്‍കാന്‍ കഴിയുകയൂള്ളൂവെന്നാണ് വനംവകുപ്പിന്റെ വാദം. ആദിവാസികള്‍ താമസിച്ചിരുന്നത് പട്ടയ ഭൂമിയിലായതാണ് കാരണം. റവന്യൂ നടപടികള്‍ അനിശ്ചിതമായി വൈകുന്നുവെന്നും വനംവകുപ്പ് കുറ്റപ്പെടുത്തുന്നു. വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ തങ്ങളുടെ ജീവിതം എന്തിന് പന്താടുന്നുവെന്ന് ആദിവാസികള്‍ ചോദിക്കുന്നു.