ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത്ത് ബിശ്വാസിന്‍റെ കൊലപാതകികളെ വെറുതേവിടില്ലെന്നും നഗരം വിട്ടാലും കോളറില്‍ പിടിച്ച് കൊല്‍ക്കത്തയിലേക്ക് കൊണ്ടുവരുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി. സത്യജിത്ത് ബിശ്വാസിനെ കൊന്നിട്ട് രക്ഷപെടാമെന്ന് വിചാരിക്കുന്നുണ്ടെങ്കില്‍ മണ്ടന്‍മാരുടെ സ്വര്‍ഗത്തിലാണ് അവര്‍ ജീവിക്കുന്നതെന്നും അഭിഷേക് ബാനര്‍ജി പറഞ്ഞു. 

ബിശ്വാസിന്‍റെ മരണവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് മുകുള്‍ റോയി അടക്കമുള്ള നാല് പേരെയാണ് പൊലീസ് പ്രതിചേര്‍ത്തിരിക്കുന്നത്. എന്നാല്‍ മുകുള്‍ റോയിയും ബിജെപിയും ബിശ്വാസിന്‍റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിഷേധിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെയുള്ള കലഹമാണ് കൊലപാതകത്തില്‍ അവസാനിച്ചതെന്നാണ് ബിജെപിയുടെ ആരോപണം. 

തൃണമൂല്‍ നേതാക്കള്‍ എവിടെയൊക്കെ കൊല്ലപ്പെട്ടാലും ബിജെപിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് അവരുടെ ശ്രമം. എന്നാല്‍ ആദ്യം പാര്‍ട്ടിക്കുള്ളിലെ കലഹം നിര്‍ത്താന്‍ ശ്രമിക്കണമെന്നും മുകുള്‍ റോയി പറഞ്ഞു.