പ്രതിഷേധ റാലിക്കിടെ ബിജെപി വനിതാ നേതാവിനെ തല്ലിച്ചതച്ച് തൃണമൂൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പശ്ചിമബംഗാളില്‍ ബി ജെ പി നടത്തിയ ഭാരത ബന്ദിനിടെയായിരുന്നു അക്രമം. 

കൊല്‍ക്കത്ത: പ്രതിഷേധ റാലിക്കിടെ ബിജെപി വനിതാ നേതാവിനെ തല്ലിച്ചതച്ച് തൃണമൂൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പശ്ചിമബംഗാളില്‍ ബി ജെ പി നടത്തിയ ഭാരത ബന്ദിനിടെയായിരുന്നു അക്രമം. റാലിയില്‍ പങ്കെടുത്ത നീലിമ ദേ സര്‍ക്കാര്‍ എന്ന വനിതാ നേതാവിനെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. 

റാലിക്കിടെയുണ്ടായ അക്രമത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നീലിമ. ഇതില്‍ രോഷം പൂണ്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീണ്ടും യുവതിയെ മര്‍ദ്ദിക്കുകയായിരുന്നു. പ്രവർത്തകരുടെ അക്രമത്തിൽ നിന്നും രക്ഷതേടി പൊലീസിനെ സമീപിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ വീഡിയോയിൽ കാണാൻ സാധിക്കും. പൊലീസ് എത്തിയതോടെ കോൺഗ്രസ് പ്രവർത്തകർ മർദ്ദിക്കുന്നതിൽ നിന്ന് പിന്മാറിയെങ്കിലും അക്രമത്തെക്കുറിച്ച് മാധ്യമങ്ങളോട് വിവരിച്ചത് അക്രമികളെ ചൊടിപ്പിക്കുകയും വീണ്ടും യുവതിയെ മർദ്ദിക്കുകയുമായിരുന്നു. 

സെപ്റ്റംബര്‍ 26ന് ബന്ദിനോടനുബന്ധിച്ച് നടന്ന പ്രതിഷേധ റാലിക്കിടെ നടന്ന അക്രമത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കൊല്‍ക്കത്തയിലെ ബരാസത് റെയില്‍വേ ട്രാക്ക് ഉപരോധിക്കവെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലോക്കല്‍ പഞ്ചായത്ത് അധ്യക്ഷന്റെ നേതൃത്വത്തിലായിരുന്നു നീലിമയെ ആക്രമിച്ചത്. വടികളുപയോഗിച്ചായിരുന്നു ആക്രമണം. മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് നീലിമയെ തലങ്ങും വിലങ്ങും മര്‍ദ്ദിക്കുകയായിരുന്നു. നേതാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.