കൊല്ലം: വിദ്യാർത്ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്നും ആത്മഹത്യ ചെയ്തതിനെ തുടർന്ന് അടച്ചിട്ട കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂൾ ഇന്ന് തുറന്നില്ല. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്കൂൾ തുറക്കേണ്ടെന്ന് ജില്ലാ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. യു.പി, എല്‍.പി വിഭാഗങ്ങളും നാളെ തുറക്കും. സ്കൂൾ തുറക്കുന്നതിനെ ചൊല്ലി ഇന്നലെ പിടിഎ യോഗത്തിൽ തർക്കവും കയ്യാങ്കളിയും ഉണ്ടായിരുന്നു.

കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അടിയന്തിര പിടിഎ യോഗം ഞായറാഴ്ച വിളിച്ചു ചേര്‍ത്തത്. ആരോപണവിധേയരായ അധ്യാപകരെ അറസ്റ്റ് ചെയ്യാതെ വിദ്യാലയം തുറക്കാന്‍ കഴിയില്ലെന്ന നിലപാട് ഒരു വിഭാഗം രക്ഷിതാക്കളെടുത്തപ്പോള്‍ മറുവിഭാഗം സ്‌കൂള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇത് കയ്യാങ്കളിയില്‍ അവസാനിക്കുകയായിരുന്നു. ആത്മഹത്യ ചെയ്ത ഗൌരി നേഘയുടെ മാതാപിതാക്കള്‍ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സമരത്തിലാണ്.