ദില്ലി: പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെച്ച മുത്തലാഖ് നിരോധന ബില്ല് ഇന്ന് വീണ്ടും രാജ്യസഭയില്‍ വരും. പ്രതിപക്ഷ ബഹളം തുടരാനാണ് സാധ്യത. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷം. ബില്ലില്‍ മാറ്റംവേണമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുകയാണ്. മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവുശിക്ഷ നല്‍കാനുള്ള വ്യവസ്ഥ എടുത്തുകളയണം എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം.
ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയത്തില്‍ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ട് രൂക്ഷമായ വാദപ്രതിവാദത്തിനാണ് ഇന്നലെ രാജ്യസഭ സാക്ഷ്യം വഹിച്ചത്. ബിജെപിയും അണ്ണാ ഡിഎംകെയും ഒഴികെയുള്ള കക്ഷികള്‍ സര്‍ക്കാരിനെതിരെ ശക്തമായി അണിനിരന്നു. അംഗങ്ങളുടെ പേര് കൂടി ഉള്‍പ്പെടുത്തി ബില്ലിനായുള്ള സെലക്ട് കമ്മിറ്റി പ്രമേയം അനന്ദ് ശര്‍മ്മ കൊണ്ടു വന്നപ്പോള്‍ ഇത് ചട്ടവിരുദ്ധമാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി വാദിച്ചു. സുപ്രീംകോടതിയില്‍ മുത്തലാഖ് കേസില്‍ ഹാജരായ കപില്‍ സിബല്‍ സംസാരിക്കാന്‍ എഴുനേറ്റത് ഭരണപക്ഷത്തെ ചൊടിപ്പിച്ചു. ഭൂരിപക്ഷ വികാരം എതിരായിട്ടും സര്‍ക്കാര്‍ ബില്ല് പരിഗണിക്കണമെന്ന വാദത്തില്‍ ഉറച്ചു നിന്നു.
ബില്ല് സെലക്ട് കമ്മിറ്റിക്കു വിട്ട് മൂന്നു വര്‍ഷം ശിക്ഷയെന്ന വ്യവസ്ഥ മാറ്റാനാണ് പ്രതിപക്ഷ നീക്കം. എന്നാല്‍ ഗുജറാത്തില്‍ മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് മുസ്ലിം സംഘടനകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങുന്നു എന്ന് പ്രചരിപ്പിക്കാനാണ് സര്‍ക്കാര്‍ ഈയവസരം ആയുധമാക്കുന്നത്.
