മഹാരാഷ്‌ട്രയിലെ ദലിത് സമരത്തെച്ചൊല്ലിയുണ്ടായ ബഹളത്തിനിടെ മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. മൂന്ന് മണിക്ക് സമ്മേളിച്ചപ്പോഴായിരുന്നു നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് ബില്ല് അവതിരിപ്പിച്ചത്.

ആദ്യം മഹാരാഷ്‌ട്രയിലെ ദലിത് സമരം ചര്‍ച്ച ചെയ്ത ശേഷം മുത്തലാഖ് ചര്‍ച്ച ചെയ്യാമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് അഭിപ്രായപ്പെട്ടത്. ബി.ജെ.പി സര്‍ക്കാര്‍ ദലിത് വിരോധികളാണെന്നും അദ്ദേഹം ആരോപിച്ചു. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും രാജ്യസഭയില്‍ പ്രമേയം അവതരിപ്പിച്ചു. എന്നാല്‍ ഒരു സഭ പാസാക്കിയ ബില്‍ വേറൊരു സഭ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പറയുന്നത് ചട്ടവിരുദ്ധമെന്ന് അരുണ്‍ ജെയ്റ്റ്‍ലി പറഞ്ഞു. ബഹളത്തെ ചൊല്ലി സഭ ഇന്നത്തേക്ക് പിരിഞ്ഞു.