ബംഗാള്‍ : മുത്തലാഖിനെതിരെ പോരാടിയ ഇഷ്റത്ത് ജഹാനെതിരെ ഭീക്ഷണി. ഇക്കഴിഞ്ഞ 22 നാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധി വന്നത്. ഇതേ തുടര്‍ന്നാണ് ഇഷ്റത്ത് ജഹാനെതിരെ ഭീക്ഷണി രൂക്ഷമായത്. മുസ്ലീം സ്ത്രീകളുടെ വിജയമെന്നായിരുന്നു വിധിക്ക് ശേഷം പല പ്രമുഖരും അഭിപ്രായപ്പെട്ടത്. എന്നാല്‍ വിധി അനുകൂലമായിട്ടും വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇഷ്റത്ത്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇഷ്റത്തിനെ ഫോണിലൂടെ ഭര്‍ത്താവ് മൊഴി ചൊല്ലിയത്. തുടര്‍ന്ന് ഇതിനെതിരെ നിയമപോരാട്ടത്തിലായിരുന്നു ഇഷ്റത്ത്. എന്നാല്‍ വിധി അനുകൂലമായതിനെ തുടര്‍ന്ന് നിരവധി ഭീക്ഷണി കത്തുകളും ഫോണ്‍ കോളുകളുമാണ് ഇഷ്റത്തിനെ തേടി വരുന്നത്. പോലീസില്‍ പരാതി കൊടുത്തിട്ടും ഇതുവരെ ഒരു നടപടികളുമുണ്ടായിട്ടില്ല. ഇത് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്ക് ഇഷ്റത്ത് പരാതി കൊടുത്തു.

മുത്തലാഖ് സമ്പ്രദായത്തിനെതിരെ പോരാടിയത് കൊണ്ടും വിധി അനുകൂലമായതുകൊണ്ടും താന്‍ ഒരു മോശം സ്ത്രീയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നതായി ഇഷ്റത്ത് പറയുന്നു. ആഗസ്റ്റ് 30 ന് നാട്ടില്‍ വരുന്ന മുന്‍ ഭര്‍ത്താവിനെ പുതിയ വിധിയുടെ പശ്ചാത്തലത്തില്‍ അറസ്റ്റ് ചെയ്യുമെന്നാണ് ഇഷ്റത്ത് കരുതുന്നത്. അച്ഛനെ പോലെ ഒരു സ്ത്രീയോടും ചെയ്യരുതെന്ന് മകനെ താന്‍ പഠിപ്പിക്കുമെന്നും ഇഷ്റത്ത് പറയുന്നു.