ജയ്പൂര്‍: മര്‍ദ്ദിച്ച് ബോധരഹിതയാക്കിയ ശേഷം ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി 23കാരി. രാജസ്ഥാനിലെ മോചി ബസാര്‍ സ്വദേശിയായ റുബിനാ ലഖാനിയാണ് ഭര്‍ത്താവ് അഫ്സല്‍ ലഖാനിക്കെതിരെ പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ഒരു വര്‍ഷം മുമ്പായിരുന്നു സംഭവം. വീട്ടിലെ ചില പ്രശ്നങ്ങളുടെ പേരില്‍ ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് യുവതി പരാതിയില്‍ പറയുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് തനിക്ക് ബോധം നഷ്ടപ്പെട്ടു. പിന്നീട് ബോധം തെളിഞ്ഞപ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ ആവശ്യപ്പെടുകയായിരുന്നു. കാരണം തിരക്കിയപ്പോഴാണ് ഭര്‍ത്താവ് മുത്തലാഖിലൂടെ തന്നെ ഉപേക്ഷിച്ചത് അറിയുന്നതെന്ന് റുബിന പറയുന്നു. ത്വലാഖ് ചൊല്ലുന്നത് താന്‍ കേട്ടിട്ടില്ലെന്ന് പറഞ്ഞെങ്കിലും ബന്ധുക്കള്‍ അതൊന്നും ചെവിക്കൊണ്ടില്ല. തന്നെ വീട്ടില്‍ നിന്ന് പുറത്താക്കി. മൂന്ന് വയസുള്ള മകനൊപ്പം തന്റെ മാതാപിതാക്കളുടെ കൂടെയാണ് അന്നുമുതല്‍ താമസിക്കുന്നതെന്ന് യുവതി പറയുന്നു.

മുത്തലാഖിനെതിരായ സുപ്രീം കോടതി വിധിക്ക് ശേഷം രാജസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ കേസാണിത്. ഭര്‍ത്താവിനെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.