അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക അധിനിവേശത്തെ അന്താരാഷ്ട്ര തലത്തിൽ നേരിടുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ പ്രഖ്യാപിച്ചു. യുദ്ധാനന്തര യാഥാർത്ഥ്യങ്ങൾ അമേരിക്ക അംഗീകരിക്കണമെന്നും, ഇത് ഉപരോധങ്ങൾ നീക്കി വ്യാപാര ബന്ധങ്ങൾ വിപുലീകരിക്കാൻ സഹായിക്കുമെന്നും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് പ്രത്യാശ പ്രകടിപ്പിച്ചു.

ടെഹ്റാൻ: ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ സൈനിക അധിനിവേശത്തെയും കുറ്റകൃത്യങ്ങളെയും അന്താരാഷ്ട്ര തലത്തിൽ ശക്തമായി നേരിടുമെന്ന് ഇറാന്‍റെ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയൻ പ്രഖ്യാപിച്ചു. അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ ചൈന, നമീബിയ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധി സംഘങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രസിഡന്‍റ് ഇറാന്റെ നിലപാട് വ്യക്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമേരിക്കയുടെയും ഇസ്രായേലിന്‍റെയും ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും, ഇരുരാജ്യങ്ങളെയും അവരെ പിന്തുണച്ചവരെയും ആഗോള നീതിന്യായ കോടതികളിലും അന്താരാഷ്ട്ര വേദികളിലും വിചാരണ ചെയ്യാൻ ആവശ്യമായ എല്ലാ നിയമ നയതന്ത്ര മാർഗ്ഗങ്ങളും തേടുമെന്നും ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.

അതേസമയം, യുദ്ധത്തിന് ശേഷം മാറിയ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും യാഥാർത്ഥ്യങ്ങളും ഉൾക്കൊള്ളാൻ അമേരിക്ക തയ്യാറാകണമെന്ന് ഇറാന്‍റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ആവശ്യപ്പെട്ടു. ഉസ്‌ബെക്കിസ്ഥാൻ പാർലമെന്‍റ് സ്പീക്കറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുൻപത്തെ അപേക്ഷിച്ച് മേഖലയിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും നിലവിലെ യാഥാർത്ഥ്യങ്ങൾ അംഗീകരിക്കാൻ യുദ്ധാനന്തര സംഭവവികാസങ്ങൾ അമേരിക്കയെ നിർബന്ധിതരാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ അന്തരീക്ഷത്തിൽ മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങൾ വിപുലീകരിക്കാൻ സാധിക്കുമെന്നും ഇറാനെതിരെയുള്ള ഉപരോധങ്ങൾ നീക്കം ചെയ്യാനുള്ള വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പേർഷ്യൻ ഗൾഫിലും ഹോർമുസ് കടലിടുക്കിലും ഇറാനും ഒമാനും സംയുക്തമായി നടത്തുന്ന സുരക്ഷാ മേൽനോട്ടം വഴി മേഖലയിലെ അമേരിക്കൻ ഇടപെടലുകൾ കുറയ്ക്കാനും ഗതാഗത-വ്യാപാര സഹകരണം മെച്ചപ്പെടുത്താനും സാധിക്കുമെന്നും ഇറാന്റെ പാർലമെന്‍റ് സ്പീക്കർ പ്രത്യാശ പ്രകടിപ്പിച്ചു.