മുത്തലാഖ് സ്ത്രീകളെ കൊല്ലുന്നതിനേക്കാൾ ഭേദം സ്ത്രീകൾക്ക് പരപുരുഷ ബന്ധം ഉണ്ടാകുമ്പോഴാണ് പുരുഷൻമാർ അവരെ മൊഴി ചൊല്ലുന്നത്
ബറേലി: സ്ത്രീകളെ കൊല്ലുന്നതിനേക്കാൾ ഭേദമാണ് മുത്തലാഖ് ചൊല്ലി ഒഴിവാക്കുന്നതെന്ന് സമാജ് വാദി പാർട്ടി നേതാവ് റിയാസ് അഹമ്മദ്. സ്ത്രീകൾ വിവാഹേതര ബന്ധങ്ങളിൽ അകപ്പെടുമ്പോഴാണ് പുരുഷൻമാർ അവരെ മുത്തലാഖ് ചൊല്ലാൻ നിർബന്ധിതരാകുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. സമാജ്‌വാദി പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശിലെ ന്യൂനപക്ഷ വിഭാഗം തലവനായ റിയാസ് അഹമ്മദാണ് ഈ വിവാദ പ്രസ്താവന നടത്തിയത്. ബറൈലിയിലുള്ള പാര്‍ട്ടി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു റിയാസ്.
മുസ്ലീം സ്ത്രീകളുടെ ഉന്നമനമാണ് ബിജെപി സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അവര്‍ക്ക് 8% സ്‌പെഷല്‍ റിസര്‍വേഷന്‍ ഏര്‍പ്പാടാക്കുമെന്ന് മുന്‍ മന്ത്രി കൂടിയായ റിയാസ് അഹമ്മദ് പറഞ്ഞു. എന്നാൽ മുസ്ലീങ്ങളേക്കാള്‍ കൂടുതല്‍ വിവാഹ മോചനങ്ങള്‍ നടക്കുന്നത് ഹിന്ദു കുടുംബങ്ങളിലാണെന്നും റിയാസ് ആരോപിച്ചു.
എസ് പി നേതാവിന്റെ പ്രസ്താവനകളെ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്ന് ബിജെപിയുടെ ബറൈലി ജില്ലാ പ്രസിഡന്റ് രാജേഷ് റാത്തോര്‍ പറഞ്ഞു. മുസ്ലീം സ്ത്രീകളെ കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാടാണ് ഈ പ്രസ്താവനയിലൂടെ പുറത്തുവന്നത്. ഇത്തരക്കാര്‍ എങ്ങിനെയാണ് മുസ്ലീങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാനാകുകയെന്ന് റാത്തോര്‍ ചോദിച്ചു.
