വീണ്ടും അബദ്ധ പരാമർശങ്ങളുമായി ത്രിപുര മുഖ്യമന്ത്രി 'പ്രതിഷേധാര്‍ത്ഥം ടാഗോർ നൊബേൽ സമ്മാനം തിരിച്ചുനൽകിയിരുന്നു'

അഗര്‍ത്തല: വീണ്ടും അബദ്ധ പരാമർശങ്ങളുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാർ. ബ്രിട്ടീഷുകാരോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി രബീന്ദ്രനാഥ് ടാഗോർ നൊബേൽ സമ്മാനം തിരിച്ചുനൽകിയെന്നാണ് ബിപ്ലവ് ദേവിന്‍റെ പുതിയ പരാമർശം. 

1919ൽ ജാലിയൻ വാലബാഗ് കൂട്ടക്കൊലയെത്തുടർന്ന് 1913 ലഭിച്ച നൊബേൽ സമ്മാനം ടാഗോർ തിരികെ നല്‍കിയെന്നാണ് ബിപ്ലവ് ദേവിന്‍റെ അവകാശവാദം. എന്നാല്‍, 1919ൽ തനിക്കു ലഭിച്ച സർ പദവിയാണ് ടാഗോർ പ്രതിഷേധ സൂചകമായി നിരസിച്ചത്. കഴിഞ്ഞ മാസം ത്രിപുര മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ബിപ്ലവ് നടത്തിയ പ്രസ്താവനകള്‍ കടുത്ത വിമര്‍ശനത്തിനും പരിഹാസത്തിനും ഇടയാക്കിയിരുന്നു.

ഡയാന ഹെയ്ഡന് ലോകസുന്ദരി പട്ടം കിട്ടിയതിന് പിന്നില്‍ അന്താരാഷ്ട്ര ഫാഷന്‍ മാഫിയയാണെന്നും ഡയാന ഇത് അര്‍ഹിക്കുന്നില്ലെന്നുമുള്ള വിവാദ പരാമര്‍ശത്തില്‍ ബിപ്ലബ് ദേവ് മാപ്പ് പറഞ്ഞിരുന്നു. ഇന്ത്യന്‍ സൗന്ദര്യത്തെ പ്രതിനിധീകരിക്കുന്നത് ഐശ്വര്യ റായിയാണെന്നും ബിപ്ലവ് കുമാര്‍ അന്ന് പറഞ്ഞിരുന്നു.

മഹാഭാരത കാലത്തെ ഭാരതത്തിൽ ഇന്റെർനെറ്റ് ഉണ്ടായിരുന്നുവെന്നും ബിപ്ലവ് കുമാര്‍ ദേവ് പറഞ്ഞതും വിവാദമായിരുന്നു. മഹാഭാരത കാലത്ത് ഇന്റര്‍നെറ്റും സാറ്റലൈറ്റുമുണ്ടായിരുന്നുവെന്നായിരുന്നു ത്രിപുരമുഖ്യന്‍റെ പരാമര്‍ശം. യുവാക്കളോട് സര്‍ക്കാര്‍ ജോലിയുടെ പിന്നാലെ പോകാതെ കറവ പശുവിനെ വളര്‍ത്താന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ഒടുവിലായി ബിപ്ലവ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്.