യുവാക്കള്‍ കറവ പശുക്കളെ വളര്‍ത്താന്‍ തയ്യാറാവണമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ്

ദില്ലി: സര്‍ക്കാര്‍ ജോലിക്കായി പരക്കംപാഞ്ഞ് സമയം കളയാതെ യുവാക്കള്‍ കറവ പശുക്കളെ വളര്‍ത്താന്‍ തയ്യാറാവണമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ്. സര്‍ക്കാര്‍ ജോലിക്കായി രാഷ്ട്രിയ പാര്‍ട്ടിക്കാരുടെ പുറകെ നടന്ന് സമയം കളയാതെ ബിരുദധാരികളായ യുവാക്കള്‍ പശുക്കളെ വളര്‍ത്തിയാല്‍ 10 വര്‍ഷം കൊണ്ട് 10 ലക്ഷം രൂപ വരെ സമ്പാദിക്കാന്‍ കഴിയും. യുവാക്കള്‍ അവരുടെ വിലപ്പെട്ട സമയം ഇനിയും പാഴാക്കരുതെന്നും ബിപ്ലവ് ദേവ് യുവാക്കളെ ഉപദേശിച്ചു. 

മഹാഭരതകാലത്ത് ഇന്‍റര്‍നെറ്റുണ്ടായിരുന്നു, സിവില്‍ എ‍ഞ്ചിനീയറുമാരാണ് സിവില്‍ സര്‍വ്വീസിന് പോകേണ്ടത്, മെക്കാനിക്കല്‍ എഞ്ചിനീയറുമാരല്ല തുടങ്ങിയ രസകരമായ പരാമര്‍ശങ്ങള്‍ കൊണ്ട് ശ്രദ്ധേയനായ ബിപ്ലവ് ദേവിന്‍റെ ഏറ്റവും പുതിയ വിവാദ പ്രസ്ഥാവനയാണിത്. പ്രധാന്‍മന്ത്രി മുദ്ര യോജന പദ്ധതിയെക്കുറിച്ചുളള എഎന്‍ഐയുടെ ചോദ്യങ്ങള്‍ക്ക് മറുപടി ആയിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. മിസ് വേള്‍ഡ് ഡയാന ഹെയ്ഡനെ ഐശ്വര്യ റായിയുമായി താരതമ്യം ചെയ്തുളള ബിപ്ലവ് ദേവിന്‍റെ പ്രസ്ഥാവന വലിയ ഒച്ചപ്പാടുണ്ടാക്കിയതിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങള്‍.