തോല്‍വി പരിശോധിച്ച് നടപടിയെടുക്കുമെന്ന് പിബി

അഗര്‍ത്തല: ജനം ഉറ്റുനോക്കിയിരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ത്രിപുര തൂത്തുവാരി ബിജെപി. കാല്‍നൂറ്റാണ്ടത്തെ സിപിഎമ്മിന്‍റെ ഭരണമാണ് ബിജെപി പിടിച്ചെടുത്തത്. എന്നാല്‍ ത്രിപുരയില്‍ സിപി എമ്മിന് സീറ്റ് നഷ്ടമായത് പരിശോധിക്കുമെന്ന് സീതാറാം യെച്ചൂരി. പണവും സ്വാധീനവും ഉപയോഗിച്ചുള്ള വിജയമാണിതെന്നും യെച്ചൂരി പറഞ്ഞു. ഇടതുവിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാന്‍ ബിജെപിക്ക് സാധിച്ചു. തോല്‍വി പരിശോധിച്ച് നടപടിയെടുക്കുമെന്ന് സിപിഎം പിബി പറഞ്ഞു. 

മേഘാലയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. നാഗാലാന്‍ഡില്‍ സഖ്യത്തില്‍ നിന്ന് ബിജെപി ഒഴിവാക്കിയ എന്‍പി എഫ് ആണ് മുന്നിട്ട് നില്‍ക്കുന്നത്. ത്രിപുരയില്‍ ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് നേടാനായില്ല. ത്രിപുരയിലെ ഭരണം നഷ്ടമായതോടെ സിപി എം അധികാരത്തിലുള്ള ഏക സംസ്ഥാനമായി കേരളം മാറി. 

ആകെ വോട്ടെണ്ണിയ 59 സീറ്റില്‍ 35 സീറ്റുകളില്‍ ബിജെപി വിജയിച്ചു. എട്ട് സീറ്റുകളില്‍ ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടി എട്ട് സീറ്റുകളിലും വിജയിച്ചു. വെറും 16 സീറ്റില്‍ മാത്രമാണ് ഇടതുപക്ഷം വിജയം കണ്ടത്. 2013ല്‍ 49 സീറ്റുകളില്‍ വിജയിച്ച സ്ഥാനത്താണിത്. രണ്ടു തവണ ത്രിപുര ഭരിച്ച കോണ്‍ഗ്രസ് ഇത്തവണ നിഷ്പ്രഭമായി. കഴിഞ്ഞ തവണ 10 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും വിജയം കണ്ടെത്താനായില്ല.

വോട്ടിങ് ശതമാനത്തില്‍ 50 ശതമാനത്തിലധികം ആളുകളുടെ പിന്തുണ ബിജെപി സഖ്യത്തിനുണ്ടെന്നാണ് ഏകദേശ കണക്ക്. വിജയത്തോടെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതടക്കമുള്ള നീക്കങ്ങളിലേക്ക് അമിത് ഷായടക്കമുള്ള നേതാക്കള്‍ കടന്നുകഴിഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലാബ്കുമാര്‍ ദേബ് മുഖ്യമന്ത്രിയാക്കുമെന്ന വാര്‍ത്തകളും എത്തുന്നുണ്ട്.