തൊഴിലാളി വിരുദ്ധ നിലപാട് എന്നാണ് പ്രതിപക്ഷമുൾപ്പെടെ ഈ നടപടിയെ വിമർശിക്കുന്നത്. ബിജെപി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ മനോഭാവത്തിന്റെ പ്രതിഫലനമാണ് ഈ നടപടി എന്ന് ത്രിപുരയിലെ മുൻ തൊഴിൽ മന്ത്രിയായ മണിക് ദേ പ്രതികരിച്ചു. 

അ​ഗർത്തല: ലോകതൊഴിലാളി ദിനത്തെ പൊതു അവധി ദിനങ്ങളുടെ പട്ടികയില്‍ നിന്ന് ത്രിപുര സർക്കാർ ഒഴിവാക്കി. പ്രതിപക്ഷത്തിന്റെ എതിർപ്പിനെ വകവയ്ക്കാതെയാണ് സംസ്ഥാന സർക്കാരിന്റെ ഈ നടപടി. മെയ്ദിനം ഇനി മുതല്‍ നിയന്ത്രിത അവധി ദിനങ്ങളുടെ പട്ടികയിലാകും ഉള്‍പ്പെടുകയെന്ന് വ്യക്തമാക്കി അണ്ടർ സെക്രട്ടറി എസ്.കെ. ദേബർമ്മ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. മെയ് ദിനമുള്‍പ്പെടെ 11 നിയന്ത്രിത അവധി ദിനങ്ങളാകും ഇനി മുതല്‍ ത്രിപുരയിലുണ്ടാകുകയെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പതിനൊന്ന് നിയന്ത്രിത അവധി ദിവസങ്ങളില്‍ ഏതെങ്കിലും നാലെണ്ണം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി എടുക്കാവുന്നതാണ്.

തൊഴിലാളി വിരുദ്ധ നിലപാട് എന്നാണ് പ്രതിപക്ഷമുൾപ്പെടെ ഈ നടപടിയെ വിമർശിക്കുന്നത്. ബിജെപി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ മനോഭാവത്തിന്റെ പ്രതിഫലനമാണ് ഈ നടപടി എന്ന് ത്രിപുരയിലെ മുൻ തൊഴിൽ മന്ത്രിയായ മണിക് ദേ പ്രതികരിച്ചു. തൊഴിലാളികളോടുള്ള ഇവരുടെ വിരുദ്ധ മനോഭാവവും നിലപാടും ഇതിൽ നിന്ന് വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ സ്വാതന്ത്ര്യ പ്രഖ്യാപനദിനമായിട്ടാണ് മെയ്ദിനത്തെ എല്ലാവരും കരുതുന്നത്. മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിൽ പൊതു അവധി ഇല്ലാതാക്കിയ നടപടി ഉണ്ടായിട്ടില്ലെന്നും മണിക് ദേ കൂട്ടിച്ചേർക്കുന്നു. 

തൊഴിലാളി വിരുദ്ധ നീക്കം ഒഴിവാക്കി മെയ്ദിനം പൊതു അവധിയാക്കണമെന്ന് ത്രിപുര സിപിഎം സംസ്ഥാന സെക്രട്ടറി ഹരിപദ ദാസ് അഭിപ്രായപ്പെട്ടിരുന്നു. ബിജെപി സർക്കാരിന്റെ കോർപറേറ്റ് താത്പര്യങ്ങളാണ് ഈ നടപടിയിലൂടെ കാണാൻ‌ സാധിക്കുന്നതെന്ന് ത്രിപുരയിലെ കോൺ​ഗ്രസ് വൈസ് പ്രസിഡന്റ് ആയ തപസ് ദേ പറഞ്ഞു. മെയ്ദിനം അന്താരാഷ്ട്ര തൊഴിലാളി ദിനമാണെന്നും ഏതെങ്കിലും പാർട്ടിയുടെ സ്വന്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.