അഗര്‍ത്തല: ത്രിപുര ഇന്ന് പോളിംഗ് ബൂത്തിലേക്ക്. 60 അംഗ നിയമസഭയിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. സിപിഎമ്മും ബി.ജെ.പിയും തമ്മിലാണ് പ്രധാന മത്സരം. ആദിവാസി വോട്ടുകളാകും വിധി നിര്‍ണയത്തെ സ്വാധീനിക്കുക
വാശിയേറിയ പ്രചരണ പോരാട്ടങ്ങൾക്കൊടുവിൽ തൃപുര ഇന്ന് വിധിയെഴുതുകയാണ്. 60 അംഗ നിയമസഭയിൽ സി.പി.എം 57 സീറ്റിലാണ് മത്സരിക്കുന്നത്. ബി.ജെ.പി 51 സീറ്റിലും ബി.ജെ.പിയുമായി സഖ്യത്തിൽ മത്സരിക്കുന്ന ഐ.പി.എഫ്.ടി 9 സീറ്റിലും ജനവിധി തേടുന്നു. മുൻകാലങ്ങളിൽ സിപിഎമ്മിന് അനായാസവിജയം നൽകിയ തൃപുരയിൽ ഇത്തവണ ബി.ജെ.പി വലിയ പ്രചരണമാണ് സംഘടിപ്പിച്ചത്. രണ്ടുതവണ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചരണത്തിനായി എത്തി. കേന്ദ്ര മന്ത്രിമാരും മണിക് സര്‍ക്കാരിനെ എതിര്ക്കാൻ തൃപുരയിലെത്തി. വലിയ പണമൊഴുക്ക് പ്രചരണത്തിനായി ബി.ജെ.പി നടത്തിയെങ്കിലും പരമ്പരാഗത ശൈലിയിലുള്ള പ്രചരണവുമായാണ് സിപിഎം മുന്നോട്ടുപോയത്. സംസ്ഥാനത്താകെ 50 റാലികളിൽ മണിക് സര്‍ക്കാര്‍ പങ്കെടുത്തു. പ്രചരണ രംഗത്ത് കോണ്‍ഗ്രസ് ഏറെ പിന്നോട്ടുപോയത് എല്ലായിടത്തും പ്രകടമായിരുന്നു. കഴിഞ്ഞ തെരഞ്ഞുപ്പിൽ 36 ശതമാനം വോട്ടുനേടിയ കോണ്‍ഗ്രസിന് അത്രയും വോട്ട് ഇത്തവണ പിടിച്ചുനിറുത്തുക ബുദ്ധിമുട്ടാകും.
50 ശതമാനത്തിലധികം വരുന്ന ബംഗാളി വോട്ടും 30 ശതമാനത്തോളം വരുന്ന ആദിവാസി വോട്ടും ഇത്തവണ ബിജെ.പിക്കും സിപിഎമ്മിനുംഇടയിൽ മാറിമറിയാൻ സാധ്യതയുണ്ട്. 25 ലക്ഷം വോട്ടര്‍മാരാണ് തൃപുരയിലുള്ളത്. ഇതിൽ 47,803 പേര്‍ പുതുമുഖങ്ങളാണ്. രാവിലെ 7 മണി മുതൽ വൈകീട്ട് 4 മണിവരെ വോട്ടെടുപ്പ്. ഇത്തവണ അധികാരം മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബി.ജെ.പിയെങ്കിൽ നഗരപ്രദേശങ്ങളിൽ വോട്ടുകുറയാമെങ്കിലും ഗ്രാമങ്ങളിൽ സീറ്റുകൾ നിലനിര്‍ത്തുമെന്നാണ് സിപിഎമ്മിന്‍റെ അവകാശവാദം.
