അഗര്‍ത്തല: ദാരിദ്ര്യം മൂലം ദലിത് ദമ്പതികള്‍ നവജാത ശിശുവിനെ 650 രൂപയ്ക്കു വിറ്റു. ത്രിപുരയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.

കുഞ്ഞിനെ വളര്‍ത്താനുള്ള ചെലവ് താങ്ങാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് നവജാതശിശുവിനെ വിറ്റ് പണം വാങ്ങിയതെന്നാണ് ദമ്പതികള്‍ പറയുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ത്രിപുരയിലെ കമല്‍പുരയില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴയെുള്ള കുടുംബത്തിലാണ് സംഭവം.

സംഭവം പുറത്തുവന്നതിനെ തുടര്‍ന്ന് മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കുട്ടിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പട്ടിണിയും ദാരിദ്ര്യവും മൂലം ജനങ്ങള്‍ ക്ലേശമനുഭവിക്കുമ്പോള്‍ കണക്കുകള്‍ മൂടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

നേരത്തെ മകളുടെ വിദ്യാഭ്യാസത്തിനായി ഉഭയ സമ്മതത്തോടെ കുഞ്ഞിനെ വിറ്റ സംഭവവും ത്രിപുരയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് കുട്ടിയെ 180 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ഗ്രാമത്തില്‍ നിന്നും കണ്ടെത്തി മാതാപിതാക്കളെ തിരികെ ഏല്‍പ്പിച്ചിരുന്നു.