തൃശൂര്‍: തൃശൂരിൽ വൻ ലഹരിമരുന്ന് വേട്ട. പതിനഞ്ച് ലക്ഷം രൂപയുടെ എൽഎസ്ഡി സ്റ്റാമ്പുകളുമായി കൊച്ചി സ്വദേശിയെ തൃശൂർ എക്സൈസ് അറസ്റ്റ് ചെയ്തു.കേരളത്തിൽ നടത്തിയ ഏറ്റവും വലിയ എൽഎസ്ഡി വേട്ടയാണ് ഇത്.

കൊച്ചിയിൽ നടക്കുന്ന ന്യൂയർ പാർട്ടിക്കായി കൊണ്ടു പോകുന്ന ലഹരിമരുന്നാണ് പിടികൂടിയത്. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ കൊച്ചി സ്വദേശി രാഹുലിനെ ആവശ്യക്കാർ എന്ന വ്യാജേന എക്സൈസ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടു. തൃശൂർ പൊലീസും എക്സൈസും മൂന്ന് സംഘമായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. ഗോവയിൽ നിന്നെത്തിച്ച പതിനഞ്ച് ലക്ഷം രൂപ വില വരുന്ന വീര്യമേറിയ 45 എൽഎസ്ഡി സ്റ്റാമ്പുകളാണ് പിടിച്ചെടുത്തത്. അമ്പതോളം പാർട്ടികൾക്കായി ബുക്കിംഗ് ഉണ്ടായെന്നും ചില സ്ഥലങ്ങളിൽ സ്റ്റാമ്പുകൾ എത്തിച്ചിട്ടുണ്ടെന്നും ഇയാൾ ചോദ്യം ചെയ്യലിൽ സമ്മിച്ചിട്ടുണ്ട്.

നാവിനടിയിൽ വച്ചാണ് എൽഎസ്ഡി സ്റ്റാമ്പുകൾ ഉപയോഗിക്കുന്നത്. ഓരോ സ്റ്റാമ്പും ചെറിയ കഷണങ്ങളാക്കി അയ്യായിരം രൂപ മുതൽ ആവശ്യക്കാർക്ക് നൽകുന്നതാണ് രീതി. അഞ്ഞൂറോളം പേർക്കായുള്ള പാർട്ടിക്ക് ഉപയോഗിക്കുന്ന സ്റ്റാമ്പുകളാണ് ഇപ്പോൾ പിടികൂടിയത്. മയക്കുമരുന്നിന്‍റെ വീര്യത്തിന്‍റെ അളവ് വ്യക്തമാക്കുന്ന മൈക്ക് എന്ന പേരാണ് ന്യൂ ഇയർ പാർട്ടികൾക്ക് നൽകുന്നത്. ബാംഗ്ലൂർ, ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ നടന്നിരുന്ന ഇത്തരം പാർട്ടികൾ കേരളത്തിലും വ്യാപകമാകുന്നെന്നാണ് എക്സൈസിന് കിട്ടിയ സൂചന.അന്വേഷണം തുടരുകയാണെന്നും കൂടുതൽ പ്രതികളുണ്ടെന്നാണ് സംശയിക്കുന്നതെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.