തിരുവനന്തപുരം: ജയ്പൂരില്‍ വച്ചുനടന്ന ശസ്ത്രക്രിയ വിദഗ്ദ്ധന്‍മാരുടെ ദേശീയ സമ്മേളനമായ അസികോണ്‍ 2017ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം ഡോക്ടര്‍മാര്‍ക്ക് മികച്ച വിജയം. ക്വിസ് മത്സരത്തിലും പോസ്റ്റര്‍ പ്രബന്ധാവതരണത്തിലുമാണ് ഇവര്‍ വിജയം കൈവരിച്ചത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് മെഡിക്കല്‍ കോളേജിന് ഈ പുരസ്‌കാരം ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പങ്കെടുത്ത ഇരുപതോളം സംഘങ്ങളില്‍ നിന്നാണ് ഇവര്‍ ഒന്നാം സ്ഥാനം നേടിയത്.

ദേശീയതലത്തില്‍ നടന്ന ക്വിസ് മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം പി ജി വിദ്യാര്‍ത്ഥികളായ ഡോ. അനൂപ് പി. സജി, ഡോ. അനുശ്രുതി ഗോപി എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

പോസ്റ്റര്‍ പ്രബന്ധ മത്സരവിഭാഗത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അസി. പ്രൊഫസറായ ഡോ. അനില്‍ സുന്ദരം ഒന്നാം സ്ഥാനം നേടി. ആമാശയത്തിലും പാന്‍ക്രിയാസ് ഗ്രന്ധിയിലുമുള്ള മുഴകളെപ്പറ്റിയുള്ള സമഗ്രമായ പഠനത്തിനാണ് ഈ പുരസ്‌കാരം ലഭിച്ചത്.

 മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം മേധാവി ഡോ. കെ മോഹന്‍ദാസിന്റെ നേതൃത്വത്തിലാണ് പഠനങ്ങള്‍ നടന്നത്.