ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ത്രിവേന്ദ്ര സിങ് റാവത്ത് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. റാവത്തിന്റെ ബിജെപിയുടെ നിയമസഭാകക്ഷി നേതാവായി എംഎല്‍എമാരുടെ യോഗം ഇന്ന് തെരഞ്ഞെടുത്തു. ദോയ്‌വാള മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസിന്റെ ഹിരാ സിങ് ബിസ്‌തിനെ 24000 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് ത്രിവേന്ദ്ര സിങ് റാവത്ത് ഉത്തരാഖണ്ഡ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 

2002 മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന റാവത്ത് ഇത് മൂന്നാം തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്. ആര്‍എസ്എസിലൂടെ സംഘടനാപ്രവര്‍ത്തനം തുടങ്ങിയ റാവത്ത് 1983 മുതല്‍ 2002 വരെ ആര്‍ എസ് എസ് പ്രചാരകനായിരുന്നു. ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള റാവത്തിന് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ ഉറച്ച പിന്തുണ ഉണ്ടായിരുന്നു. 

തകര്‍പ്പന്‍ വിജയം നേടിയാണ് ബിജെപി ഉത്തരാഖണ്ഡില്‍ അധികാരം പിടിച്ചെടുത്തത്. 70ല്‍ 57 സീറ്റാണ് ബിജെപി നേടിയത്. ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരു പാര്‍ട്ടി നേടുന്ന ഏറ്റവും വലിയ വിജയമാണിത്. തെരഞ്ഞെടുപ്പില്‍ ആകെ 46.5 ശതമാനം വോട്ട് ബിജെപി നേടി.